അങ്കണവാടിയിൽ ഫാൻ നൽകാനുള്ള പരിപാടി സൂപ്പർവൈസർ ഇടപെട്ട് ഒഴിവാക്കി
1497114
Tuesday, January 21, 2025 6:50 AM IST
പറവൂർ: വടക്കേക്കര പഞ്ചായത്തിലെ തുരുത്തിപ്പുറം രണ്ടാം നമ്പർ അങ്കണവാടിയിൽ ഫാൻ നൽകാനുള്ള പരിപാടി സൂപ്പർവൈസർ ഇടപെട്ട് ഒഴിവാക്കി. ഫാൻ ആവശ്യമാണെന്ന് ടീച്ചർ കാരുണ്യ സർവീസ് സൊസൈറ്റി പ്രവർത്തകരെ അറിയിച്ചതിനെതുടർന്ന് സൊസൈറ്റി പ്രവർത്തകർ ഫാൻ നൽകാൻ സന്നദ്ധതയുള്ള സ്പോൺസറെ കണ്ടെത്തി തയാറെടുപ്പുകൾ നടത്തുകയും ചെയ്തു.
എന്നാൽ പഞ്ചായത്തിലോ ഓഫീസിലോ അറിയിക്കാത്ത പരിപാടി അങ്കണവാടിയിൽ നടത്താൻ സാധിക്കില്ലെന്നും സ്വന്തമായി തീരുമാനമെടുക്കാൻ വർക്കർക്ക് അധികാരമില്ലെന്നും അറിയിച്ചു പ്രോഗ്രാം ഒഴിവാക്കാൻ സംഘാടകരെ അറിയിക്കണമെന്ന് സൂപ്പർവൈസർ അങ്കണവാടി ടീച്ചറെ അറിയിക്കുകയായിരുന്നു.
എന്നാൽ പരിപാടി നടത്താൻ ശ്രമിക്കുന്നുണ്ടെന്ന് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനോട് ടീച്ചർ സൂചിപ്പിച്ചെന്നും വാർഡ് മെമ്പറെ ക്ഷണിക്കുകയും ചെയ്തിരുന്നു. വിവരം അറിയിക്കാൻ സൂപ്പർവൈസറെ ടീച്ചർ വിളിച്ചിരുന്നു. എന്നാൽ ഫോൺ എടുക്കാതിരുന്നതിനാൽ മേസേജ് അയച്ചിട്ടും മറുപടി ലഭിച്ചില്ലെന്നും തുടർന്ന് ലീഡറോട് കാര്യം പറഞ്ഞതായും ടീച്ചർ സൊസൈറ്റി ഭാരവാഹികളോട് പറഞ്ഞു.