രായമംഗലം പഞ്ചായത്ത് 16-ാം വാര്‍ഡില്‍ അനധികൃത മണ്ണെടുപ്പെന്ന്
1497128
Tuesday, January 21, 2025 7:13 AM IST
പെരുമ്പാവൂര്‍: രായമംഗലം പഞ്ചായത്ത് 16-ാം വാര്‍ഡില്‍ അനധികൃത മണ്ണെടുപ്പ് നടക്കുന്നതായി ജനകീയ മല സംരക്ഷണ സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. മലമുറി മുതല്‍ നെല്ലിമോളം വരെ മലമുറി മലയിലെ മണ്ണ് തെറ്റായ മാര്‍ഗത്തിലൂടെ അനുമതി വാങ്ങി മണ്ണെടുപ്പ് നടത്തുന്ന മണ്ണ് മാഫിയയ്ക്കെതിരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍, റസിഡന്റ്സ് അസോസിയേഷന് എന്നിവയുടെ നേതൃത്വത്തില്‍ ജനകീയ പ്രതിരോധ സമരം സംഘടിപ്പിച്ചു.
സെപ്റ്റംബര്‍ മുതല്‍ വലിയ ജലക്ഷാമം അനുഭവിക്കുന്ന പ്രദേശമാണ് പുല്ലവഴി ജയകേരളം. ജലസംഭരണികളായ മലകള്‍ ഇല്ലാതാകുന്നതോടെ വലിയ ജലക്ഷാമം അനുഭവിക്കുന്ന പ്രദേശമായി ഇവിടം മാറും. മണ്ണെടുപ്പ് നടക്കുന്ന പ്രദേശത്തേക്ക് ഒരു സ്വകാര്യ വ്യക്തിയുടെ സ്ഥലത്തിലൂടെ ആ വ്യക്തിയുടെ അനുമതി ഇല്ലാതെയാണ് മണ്ണെടുപ്പ് നടക്കുന്നത്. കള്ളക്കേസ് കൊടുത്തു നേടിയ പോലീസ് പ്രൊട്ടക്ഷനിലാണ് മണ്ണ് മാഫിയ മണ്ണെടുപ്പ് നടത്തുനതെന്ന് അവർ ആരോപിച്ചു.
കളക്ടര്‍, മൈനിംഗ് ആന്‍ഡ് ജിയോളജി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും പോലീസ് പ്രൊട്ടക്ഷന്റെ മറവില്‍ ബലമായി സ്വകാര്യ വ്യക്തിയുടെ സ്ഥലത്തുകൂടി മണ്ണ് കയറ്റി കൊണ്ടുപോകാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. രായമംഗലം പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. അജയകുമാര്‍, വി.ഒ. ജോയ്, രഞ്ജിത്ത് പറമ്പില്‍, എന്‍. പ്രസാദ്, ജി.കെ. പോള്‍സണ്‍, എന്‍.വി. സദാനന്ദന് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.