ജലസേചന കനാലിൽ അനധികൃത തടയണകൾ
1497131
Tuesday, January 21, 2025 7:13 AM IST
ആലുവ: പെരിയാർവാലി ജലസേചന കനാലിൽ വെള്ളം വരാതായതോടെ ചൂർണിക്കര പഞ്ചായത്തിലെ കുന്നത്തേരി കട്ടേപ്പാടവും പരിസര പ്രദേശങ്ങളിലെ കൃഷിയും കരിഞ്ഞുണങ്ങുന്നു. പെരുമ്പാവൂർ ഭാഗത്തുനിന്നും ഇറിഗേഷൻ കനാൽ വെള്ളം സ്വകാര്യ വ്യക്തികൾ വഴിതിരിച്ചുവിടുന്നതാണെന്ന് കർഷക കൂട്ടായ്മകൾ ആരോപിച്ചു.
പൂർണമായി വെള്ളം എത്താതായതോടെ കട്ടേപ്പാടത്ത് ഉൾപ്പെടെ കൃഷി നശിക്കുമെന്ന ഭീതിയിലാണ് കർഷകർ. പരിസരത്തെ വീടുകളിലെ കിണറുകളിലേക്കുള്ള ഉറവയും നിലച്ചതോടെ കുടിവെള്ള ക്ഷാമവും രൂക്ഷമായി.
കാർഷികാവശ്യങ്ങൾക്കുള്ള വെള്ളം അശോകപുരം കാർമലിനും എസ്എൻ പുരത്തിനും ഇടയിൽ സ്വകാര്യ വ്യക്തികൾ തടയുന്നതാണ് കട്ടേപ്പാടത്തേക്ക് വെള്ളം എത്താത്തതിന് കാരണമെന്നാണ് കർഷകരുടെ പരാതി. പലഭാഗങ്ങളിലും തടയണകെട്ടി വെള്ളം തടയുന്നതിനാൽ ദൂരെ സ്ഥലങ്ങളിലേക്ക് വെള്ളം എത്തുന്നത് നേരിയ തോതിൽ മാത്രമാണ്.
വേനൽക്കാലത്ത് ഇറിഗേഷൻ കനാലുകളിലൂടെ വെള്ളം വരുമ്പോഴാണ് കിണറുകളിൽ ജലലഭ്യത ഉറപ്പാകുന്നത്. പാടശേഖരങ്ങളിൽ മേയാൻ വരുന്ന നാൽകാലികളും പൊരിവെയിലത്ത് വെള്ളം ലഭിക്കാതെ ബുദ്ധിമുട്ടുകയാണ്. കട്ടേപ്പാടത്തേക്ക് വെള്ളം എത്തുന്നതിന് തടസമായ തടയണകൾ നീക്കം ചെയ്ത് ജലവിതരണം പുനരാരംഭിക്കുവാൻ നടപടിയെടുക്കണമെന്ന് ചൂർണിക്കര പഞ്ചായത്ത് മെമ്പർ കെ.കെ. ശിവാനന്ദൻ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ജില്ലാ കളക്ടർക്കും ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർക്കും കത്ത് നൽകിയതായും ശിവാനന്ദൻ അറിയിച്ചു.