മുളക്കുളത്ത് വീട് കുത്തിത്തുറന്ന് മോഷണം
1497119
Tuesday, January 21, 2025 7:13 AM IST
പിറവം: മുളക്കുളത്ത് പള്ളിപ്പടിക്ക് സമീപം വീട് കുത്തിത്തുറന്ന് പണം കവർന്നു. മുളക്കുളം സെന്റ് മേരീസ് കത്തോലിക്ക പള്ളിയിൽ തിരുനാൾ ആഘോഷം നടക്കുന്നതിനിടെയാണ് മുട്ടത്ത്കാട്ടേൽ പാപ്പച്ചന്റെ വീട്ടിൽ മോഷണം നടന്നത്. കഴിഞ്ഞ ഞായറാഴ്ച രാത്രി വീട്ടുകാർ പ്രദക്ഷിണത്തിൽ പങ്കുക്കാൻ പോയപ്പോഴായിരുന്നു സംഭവം.
വീടിന്റെ വാതിൽ കുത്തിത്തുറന്ന് അകത്തുകടന്ന മോഷ്ടാക്കൾ അയ്യായിരം രൂപ കവർന്നു. സ്വർണാഭരണങ്ങൾ അടക്കമുള്ളവ വീട്ടിൽ ഉണ്ടായിരുന്നെങ്കിലും നഷ്ടപ്പെട്ടിട്ടില്ല. പിറവം പോലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. പള്ളിയിൽ പോയ വീട്ടുകാർ അധികം വൈകാതെ തിരിച്ചെത്തിയെങ്കിലും മോഷ്ടാക്കൾ അതിനോടകം തന്നെ കവർച്ച നടത്തി സ്ഥലം വിട്ടിരുന്നു.
പിറവം മേഖലയിൽ തിരുനാൾ രാത്രിയിൽ ഇത്തരം കവർച്ചകൾ ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട്. പിറവം ടൗണിനോട് ചേർന്നും, പാലച്ചുവട് ഭാഗത്തും വീടുകൾ കുത്തിത്തുറന്ന് കവർച്ച നടത്തിയത് തിരുനാൾ രാത്രികളിലാണ്. പിറവം പാഴൂരിൽ ആളില്ലാത്ത വീടുകളിൽ നിന്ന് നാടോടി സ്ത്രീകൾ ആക്രി സാധനങ്ങളും, ഒപ്പം വിലയുള്ള സാധനങ്ങളും തട്ടിയെടുത്തിരുന്നു.
വീട്ടിൽ നാടോടി സ്ത്രീകൾ മോഷണം നടത്തുന്നത് നിരീക്ഷണ കാമറയിലൂടെ ന്യൂസിലാൻഡിലിരുന്നു കണ്ട വീട്ടുടമ വിവരം നാട്ടിൽ വിളിച്ച് അറിയിക്കുകയായിരുന്നു. നാട്ടിലെ വാട്ട്സാപ്പ് ഗ്രൂപ്പുകളിലൂടെ വാർത്ത പരന്നതോടെ റോഡിലിറങ്ങിയ നാട്ടുകാർ നാടോടികളെ തടഞ്ഞു വയ്ക്കുകയും സാധനങ്ങൾ വീണ്ടെടുക്കുകയും ചെയ്തു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി നാടോടികളെ ചോദ്യം ചെയ്തെങ്കിലും സംഭവം വേണ്ടത്ര ഗൗരവമായെടുത്തില്ലെന്ന് പരാതിയുണ്ട്. ഇവരെ പിന്നീട് വെറുതെ വിടുകയും ചെയ്തു.