ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിന് തീപിടിച്ചു
1497140
Tuesday, January 21, 2025 7:14 AM IST
വാഴക്കുളം: കുട്ടികളുമായി സ്കൂളിലേക്കു പോയ ബസിന് തീപിടിച്ചു. ബസ് പൂർണമായി കത്തിനശിച്ചു. ആർക്കും പരിക്കില്ല. ഇന്നലെ രാവിലെ ഒമ്പതോടെ കല്ലൂർക്കാട് നീറമ്പുഴ കവലയിലാണ് സംഭവം.
ആയവന ദിശയിൽ നിന്നെത്തി നീറമ്പുഴ കവലയിൽ വാഴക്കുളത്തിനു ബസ് തിരിഞ്ഞപ്പോൾ എൻജിൻ ഭാഗത്തുനിന്ന് പുക ഉയരുന്നത് ഡ്രൈവർ വിനോദിന്റെ ശ്രദ്ധയിൽപ്പെടുകയും ഉടൻ തന്നെ ബസ് നിർത്തി കുട്ടികളെ സുരക്ഷിതമായി പുറത്തിറക്കുകയുമായിരുന്നു.
ആയവന ഭാഗത്തു നിന്നുള്ള കുട്ടികളുമായി വാഴക്കുളം സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിലേക്കു വന്ന ബസിനാണ് തീ പിടിച്ചത്. ആയവനപ്രദേശത്തു നിന്നുള്ള എൽകെജി മുതൽ ഒന്പതുവരെയുള്ള ക്ലാസുകളിലെ 26 കുട്ടികളാണ് ബസിലുണ്ടായിരുന്നത്. കഴിഞ്ഞ മാർച്ചിൽ വാങ്ങിയ പുതിയ വാഹനമായിരുന്നു ഇതെന്ന് സ്കൂൾ പ്രധാനാധ്യാപിക സിസ്റ്റർ മെറിൻ പറഞ്ഞു. ഷോർട്ട് സർക്യൂട്ടാവാം അപകടത്തിനു കാരണമെന്നു കരുതുന്നു. കല്ലൂർക്കാട് അഗ്നിസുരക്ഷാ സേന എത്തി തീയണച്ചപ്പോഴേക്കും ബസ് പൂർണമായി കത്തിയിരുന്നു.