നഗരത്തില്‍ 6,397 വീടുകളില്‍ സിറ്റി ഗ്യാസ് കണക്ഷന് എത്തി
1497135
Tuesday, January 21, 2025 7:14 AM IST
കൊച്ചി: വീടുകളിലേക്ക് പ്രകൃതി വാതക പൈപ്പ് ലൈന്‍ വലിക്കുന്ന സിറ്റി ഗ്യാസ് പദ്ധതി വഴി നഗരത്തില്‍ ഇതുവരെ 6,397 വീടുകള്‍ക്ക് കണക്ഷന് നല്‍കിയതായി കോര്പറേഷന് അറിയിച്ചു. 42,46,36,48 ഡിവിഷനുകളിലാണ് പദ്ധതി നടക്കുന്നത്. കൂടുതല്‍ ഡിവിഷനുകളിലേക്ക് വ്യാപിപ്പിക്കാനുള്ള തയാറെടുപ്പിലാണ് അധികൃതര്‍.
കഴിഞ്ഞ ദിവസം 42-ാം ഡിവിഷനില്‍ പദ്ധതി പൂര്‍ത്തീകരിച്ചു. ബാക്കി ഡിവിഷനുകളില്‍ പദ്ധതി അതിവേഗം പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. ചക്കരപ്പറമ്പ് ഡിവിഷനില്‍ 80 ശതമാനം പദ്ധതി പൂര്‍ത്തിയായതായി കൗണ്‍സിലര്‍ കെ.ബി. ഹര്‍ഷല്‍ പറഞ്ഞു. എന്നാല്‍ റോഡ് കുഴിക്കേണ്ടി വരുന്നതിനാലും തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം കൂടി മാത്രം ഉള്ളതിനാലും കൂടുതല്‍ കൗണ്‍സിലര്‍മാര്‍ ഡിവിഷനില്‍ നടപ്പിലാക്കാന്‍ മടിക്കുന്നുവെന്ന ആരോപണമുണ്ട്.
2016 ഫെബ്രുവരിയിലാണ് കോര്‍പറേഷനില്‍ പദ്ധതിക്ക് തുടക്കമിട്ടത്. റോഡ് കുഴിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍പ്പെട്ടു പദ്ധതി വൈകി. പ്രളയവും കോവിഡും വന്നതോടെ വീണ്ടും നീണ്ടു. ആദ്യം അനുമതി ലഭിച്ചത് ദേശീയപാതയിലും മരാമത്ത് റോഡുകളിലുമാണെന്നതിനാല് അവയ്ക്കരികിലുള്ള ഡിവിഷനുകളിലാണു പദ്ധതി പുരോഗമിക്കുന്നത്. അനുമതി കിട്ടുന്ന മുറയ്ക്കു കൂടുതല്‍ പ്രദേശങ്ങളിലേക്കു പദ്ധതി വ്യാപിപ്പിക്കും.
ഒരു പൈപ്പ് ലൈന്‍ കണക്ഷന് എടുക്കുന്നതിന് 7,150 രൂപയാണ് നിരക്ക്. 6,000 ആണ് സെക്യൂരിറ്റിയായി നല്‍കേണ്ടത്. 1150 രൂപ പ്ലംബിംഗ് ചാര്‍ജാണ്. ഇത് പല തവണകളായി നല്‍കാം. ആദ്യ ബില്ലിനൊപ്പം ഒറ്റത്തവണയായോ, 2000 രൂപ, 500 രൂപ, 100 രൂപ എന്നിങ്ങനെയോ ആണ് നല്‍കേണ്ടത്. ഇതില്‍ 100 രൂപ അടയ്ക്കുന്നവര്‍ക്ക് കണക്ഷന് വിച്ഛേദിക്കുന്ന സമയത്ത് തുക തിരികെ നല്‍കില്ല.