വാഴൂർ പഞ്ചായത്തിൽ സന്പൂർണ ശുചിത്വ പ്രഖ്യാപനം ഇന്ന്
1538034
Sunday, March 30, 2025 7:08 AM IST
വാഴൂർ: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി വാഴൂർ പഞ്ചായത്തിലെ സമ്പൂർണ ശുചിത്വ പ്രഖ്യാപനവും റാലിയും ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് കൊടുങ്ങൂരിൽ നടക്കും. മാലിന്യമുക്ത പ്രഖ്യാപനവും ശുചിത്വറാലിയും ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് തോമസ് വെട്ടുവേലിൽ അധ്യക്ഷത വഹിക്കും.
രണ്ടുവർഷക്കാലമായി മാലിന്യമുക്തം നവകേരളവുമായി ബന്ധപ്പെട്ട നിരവധി പ്രവർത്തനങ്ങൾ പഞ്ചായത്ത് ആവിഷ്കരിച്ചിരുന്നു.
ഇതിന്റെ ഭാഗമായി വൃത്തിയുള്ള വാഴൂർ രോഗമുക്ത നാട് എന്ന പ്രത്യേക കാമ്പയിന്റെ ഭാഗമായി ജൈവമാലിന്യങ്ങൾ ശേഖരിച്ച് ശാസ്ത്രീയ സംസ്കരണത്തിന് കൈമാറുന്ന ഹരിത കർമസേനയുടെ പ്രവർത്തനം, ജൈവമാലിന്യം ഉറവിടത്തിൽ സംസ്കരിക്കുന്നതിന് ജി-ബിൻ വിതരണം,
പൊതുവിടങ്ങളുടെ ശുചീകരണം, വീടുകളുടെ ശുചീകരണം, വാർഡുകളെ വിവിധ ക്ലസ്റ്ററുകളായി തിരിച്ച് ശുചിത്വ സമിതികൾ തുടങ്ങിയവ നടപ്പിലാക്കി.
കൊടുങ്ങൂർ, പുളിക്കൽകവല, ചാമംപതാൽ കവലകൾ പൂച്ചട്ടികൾ ക്രമീകരിച്ച് സൗന്ദര്യവത്കരണം, പൊതുജലാശയങ്ങളുടെ വീണ്ടെടുക്കൽ എന്നിവ ശ്രദ്ധേയമായ പരിപാടികളായിരുന്നു. പ്രഖ്യാപനത്തോടനുബന്ധിച്ച് പ്രധാനപ്പെട്ട തെരുവോരങ്ങൾ ജനപ്രതിനിധികളുടെയും പൊതുജനങ്ങളുടെയും നേതൃത്വത്തിൽ മാലിന്യമുക്തമാക്കി.