തലമുറകള്‍ക്ക് അക്ഷരപുണ്യം പകര്‍ന്ന തോട്ടയ്ക്കാടിന്റെ ആശാട്ടി പാര്‍വതിയമ്മ വിടവാങ്ങി
1538520
Tuesday, April 1, 2025 4:45 AM IST
ചങ്ങനാശേരി: തലമുറകള്‍ക്ക് അക്ഷരപുണ്യം പകര്‍ന്ന തോട്ടയ്ക്കാടിന്റെ ആശാട്ടി എന്ന പാര്‍വതിയമ്മ വിടവാങ്ങി. ഇന്നലെ വൈകുന്നേരമാണ് 106-ാംവയസില്‍ ഇവര്‍ അക്ഷരലോകത്തുനിന്നു യാത്രയായത്.
എട്ടുപതിറ്റാണ്ടോളം തന്റെ നിലത്തെഴുത്തു കളരിയിലെത്തിയ ആയിരക്കണക്കിനു കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിച്ച പാര്‍വതിയമ്മയുടെ വിയോഗം തലമുറകള്‍ക്ക് ദുഃഖമായി. പ്രായാധിക്യത്തെത്തുടര്‍ന്ന് ഏതാനും വര്‍ഷം മുമ്പ് പാര്‍വതിയമ്മ നിലത്തെഴുത്ത് കളരി നിര്‍ത്തിയിരുന്നെങ്കിലും വിജയദശമി ദിനങ്ങളില്‍ ആദ്യാക്ഷരം കുറിക്കാന്‍ പാര്‍വതിയമ്മയുടെ അടുത്ത് കുട്ടികളുമായി മാതാപിതാക്കള്‍ എത്തുമായിരുന്നു.
നാടിന്റെ മുത്തശികൂടിയായ പാര്വതിയമ്മയോടുള്ള ആദരസൂചകമായി ഇവരുടെ വീടിനു സമീപത്തുള്ള കക്കാട്ടുപടി-ശിവക്ഷേത്രം റോഡിന് വാകത്താനം പഞ്ചായത്ത് "ആശാട്ടിയമ്മ റോഡ്' എന്നു നാമകരണം ചെയ്തു കമാനം സ്ഥാപിച്ചത് ശ്രദ്ധേയമായിരുന്നു.
1918 ജൂലൈയില്‍ തോട്ടയ്ക്കാട് വിലക്കുന്നത്ത് നാരായണന് നായരുടെയും പങ്കജാക്ഷിയമ്മയുടെയും മകളായാണ് ജനനം. രണ്ടാംക്ലാസ് മാത്രമാണ് വിദ്യാഭ്യാസമെങ്കിലും മലയാളത്തിലും കണക്കിലും പാര്‍വതിയമ്മക്ക് നല്ല പ്രാവീണ്യമായിരുന്നു. അമ്മയുടെ മാതൃക പിന്തുടര്ന്നാണ് പാര്‍വതിയമ്മ നിലത്തെഴുത്ത് കളരിയിലേക്കു തിരിഞ്ഞത്.
പാര്‍വതിയമ്മയുടെ ഭര്‍ത്താവ് മുക്കാട്ട് രാഘവക്കുറുപ്പ് 24-ാമത്തെ വയസില്‍ മരണപ്പെട്ടെങ്കിലും ജീവിതത്തിലെ വെല്ലുവിളികളോടു പൊരുതി നേടിയ വിജയകഥയാണ് ഇവരുടെ ജീവിതത്തിനുള്ളത്. ആശാട്ടിയമ്മയുടെ നൂറാം ജന്മദിനം തോട്ടയ്ക്കാടിന് വലിയ ആഘോഷമായിരുന്നു. പാര്‍വതിയമ്മയുടെ സംസ്കാരം ഇന്നു മൂന്നിനു തോട്ടയ്ക്കാട് പാറപ്പയിലുള്ള വീട്ടുവളപ്പില്‍ നടക്കും.