പൈപ്പ് പൊട്ടല്‍ നിത്യസംഭവം; കടപ്ലാമറ്റത്ത് ജലക്ഷാമം രൂക്ഷം
1538410
Monday, March 31, 2025 11:51 PM IST
കടപ്ലാമറ്റം: ജലഅഥോറിറ്റിയൂടെ പൈപ്പ് പൊട്ടല്‍ സ്ഥിരം സംഭവമായതോടെ കടപ്ലാമറ്റം പഞ്ചായത്തില്‍ പല സ്ഥലത്തും ജലവിതരണം മുടങ്ങുന്നു. ഇലയ്ക്കാട്-കുറിച്ചിത്താനം പദ്ധതിയുടെ ഭാഗമായി കടപ്ലാമറ്റം പഞ്ചായത്തിലെ മിക്ക വാര്‍ഡുകളിലൂടെയും ജലഅഥോറിറ്റിയുടെ പൈപ്പുകള്‍ കടന്നു പോകുന്നുണ്ട്. കാലപ്പഴക്കമേറെയുള്ള വിതരണ പൈപ്പ് പൊട്ടുന്നതു വര്‍ഷങ്ങളായി നാട്ടുകാര്‍ അനുഭവിക്കുന്ന ദുരിതമാണ്.
പഞ്ചായത്തിന്റെ മിക്ക വാര്‍ഡുകളിലും ഇപ്പോള്‍ പൈപ്പ് വെള്ളം ലഭിക്കുന്നില്ല.നാല് ദശാബ്ദത്തിലധികം പഴക്കമുള്ളതാണിത്. മീനച്ചിലാറ്റില്‍ നിന്നു പമ്പു ചെയ്യുന്ന വെള്ളം കുമ്മണ്ണൂര്‍ സംഭരണിയില്‍ ശേഖരിച്ചു വലിയ ആസ്ബസ്റ്റോസ് പൈപ്പ് വഴി കിടങ്ങൂര്‍, മൂന്നുതോട് എന്നിവിടങ്ങളിലൂടെ കടപ്ലാമറ്റം ടൗണിനു സമീപത്തെ സംഭരണിയില്‍ എത്തിക്കുന്നു. മീനച്ചിലാറ്റില്‍നിന്നു ഏഴു കിലോമീറ്റര്‍ ദൂരത്തിലാണു കടപ്ലാമറ്റത്തു ജലസംഭരണി. പ്രധാന വിതരണ പൈപ്പ് ഉള്‍പ്പെടെ പൊട്ടുന്നതു പതിവാണ് ഇപ്പോള്‍.
കുമ്മണ്ണൂര്‍ സംഭരണിയില്‍ നിന്നു കടപ്ലാമറ്റം ടൗണിനു സമീപത്തെ സംഭരണിവരെ ഏഴു കിലോമീറ്റര്‍ ദൂരത്തില്‍ പ്രധാന പൈപ്പ് മാറ്റി സ്ഥാപിക്കണം. തുടര്‍ന്നു കിലോമീറ്ററുകള്‍ ദൂരത്തില്‍ വിതരണ സംവിധാനം പുതുക്കണം.
നാല്പതിലധികം വര്‍ഷം മുന്‍പു സ്ഥാപിച്ചതാണ് ആസ്ബസ്റ്റോസ് പൈപ്പ്. ഇത്തരം പൈപ്പുകള്‍ക്കു തകരാര്‍ കൂടുതലാണ്. പൊട്ടിയാല്‍ അറ്റകുറ്റപ്പണി നടത്തുക എളുപ്പമല്ല. പൈപ്പ് പൊട്ടിയാല്‍ ലിറ്റര്‍ കണക്കിനു ശുദ്ധജലം പാഴാകുന്നതു മാത്രമല്ല പ്രശ്നം. റോഡു തകരാറിലാകും. പല സ്ഥലത്തും കുഴികള്‍ രൂപപ്പെടുന്നു. റോഡ് നവീകരണം നടപ്പാക്കിയശേഷം പല സ്ഥലത്തും റോഡിന്റെ മധ്യഭാഗത്തു കൂടിയാണ് പൈപ്പ് കടന്നു പോകുന്നത്.