മാർ യൗസേപ്പിന്റെ സന്നിധിയിൽ നൂറുകണക്കിന് ജോസഫുമാർ ഒരുമിച്ചു
1538407
Monday, March 31, 2025 11:51 PM IST
കുറവിലങ്ങാട്: പേരിന്റെ പേരിൽ നടന്ന സംഗമം നാടിന് പുതിയ ആവേശവും ആത്മീയതയും സമ്മാനിച്ചു. മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർഥാടന ഇടവകയിലെ കോഴാ സെന്റ് ജോസഫ് കപ്പേളയിലെ വണക്കമാസാചരണസമാപനത്തോടനുബന്ധിച്ചാണ് കപ്പേളയിൽ ജോസഫ് നാമധാരികളുടെ സംഗമം നടന്നത്.
നൂറുകണക്കിന് ജോസഫുമാർ സംഗമത്തിലെത്തി മാർ യൗസേപ്പിന്റെ മധ്യസ്ഥം തേടി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ജോസഫുമാരാണ് നാട്ടുകാരായ ജോസഫുമാർക്കൊപ്പമെത്തിയത്. നാമധാരി സംഗമം തലമുറകളുടെ സംഗവേദിയായും മാറി. കൈക്കുഞ്ഞുങ്ങളായ ജോസഫുമാർ മുതൽ മുതിർന്ന തലമുറയിലെ കണ്ണിയായ ഔസേപ്പുമാരുമെത്തി. ഔദ്യോഗിക നാമത്തിലും മാമ്മോദീസയിലൂടെ ലഭിച്ച പേരിലും മാർ യൗസേപ്പിന്റെ നാമം സ്വീകരിച്ചവരാണ് സംഗമത്തിനെത്തിയത്.
ആർച്ച്പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരി, സീനിയർ അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് മണിയഞ്ചിറ, അസിസ്റ്റന്റ് വികാരിമാരായ ഫാ. തോമസ് താന്നിമലയിൽ, ഫാ. ജോസഫ് ചൂരയ്ക്കൽ, ഇടവകാംഗവും പാസ്റ്ററൽ അസിസ്റ്റന്റുമായ ഫാ. ജോസ് കോട്ടയിൽ എന്നിവർ ജോസഫുമാർക്ക് ആശംസകളുമായി സംഗമത്തിനെത്തി.
മാർ യൗസേപ്പിൽ ഏറെ അകർഷണീയമായ നീതിനിർവഹണത്തെ മാതൃകയാക്കാൻ സമൂഹത്തിന് കഴിയണമെന്ന് ആർച്ച്പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരി പറഞ്ഞു.
ഫാ. ജോസഫ് ചൂരയ്ക്കൽ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകി. മണമേൽ ജംഗ്ഷനിലേക്ക് നൂറുകണക്കിനാളുകൾ പങ്കെടുത്ത പ്രദക്ഷിണവും നടത്തി.