ചായക്കടയിലെ കത്തിക്കുത്ത്; പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും
1538529
Tuesday, April 1, 2025 4:46 AM IST
ചങ്ങനാശേരി: ചങ്ങനാശേരി ബൈപാസില്‍ ക്രിമിനല്‍, ലഹരിസംഘങ്ങളുടെ താവളം. പോലീസിന്റെ ശ്രദ്ധ കുറയുന്നതായി ആക്ഷേപം.
ചായക്കടയിലെ തര്‍ക്കത്തിനിടയില്‍ ഒരാള്‍ക്ക് കുത്തേറ്റ സംഭവത്തില്‍ അറസ്റ്റിലായ തൃക്കൊടിത്താനം ആരമല സ്വദേശി സിജോ(30)യെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഫാത്തിമാപുരം സ്വദേശി സാവിയോ (23)യ്ക്കാണ് കുത്തേറ്റത്. ഇയാള്‍ ചികിത്സയിലാണ്.
ഞായറാഴ്ച വൈകുന്നേരം ചങ്ങനാശേരി ബൈപാസില്‍ പാലത്രച്ചിറ ഭാഗത്തുള്ള ചായക്കടയിലാണ് കത്തിക്കുത്തുണ്ടായത്. റിമാന്‍ഡ് ചെയ്ത പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്ന് ചങ്ങനാശേരി പോലീസ് പറഞ്ഞു.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് ചങ്ങനാശേരി ബൈപാസിന്റെ പാലാത്രച്ചിറ ഭാഗത്തും അനധികൃതമായി പെരുകുന്ന തട്ടുകടകള്‍ ക്രിമിനല്‍, ലഹരി സംഘങ്ങള്‍ താവളമാക്കുന്നതായി പരാതി ഉയരുന്നുണ്ട്. അധികൃതര്‍ സത്വര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ വിഷയം വഷളാകുമെന്ന സൂചനകളാണ് ലഭിക്കുന്നത്.