ഓൺലൈൻ മാധ്യമത്തിന്റെ കുസൃതി; ചാക്കിൽ കെട്ടിയ മൃതദേഹം അന്വേഷിച്ച് പോലീസും നാട്ടുകാരും
1538516
Tuesday, April 1, 2025 4:45 AM IST
ഏറ്റുമാനൂർ: ചാക്കിൽ കെട്ടിയ മൃതദേഹം അന്വേഷിച്ച് ഒരു രാത്രി മുഴുവൻ നീണ്ട അന്വേഷണം. അതിവേഗം പ്രചരിച്ച കഥയുടെ പൊരുളറിയാൻ വിദേശ രാജ്യങ്ങളിൽനിന്നുവരെ അന്വേഷണങ്ങൾ. ഒരു ഓൺലൈൻ മാധ്യമം ഒപ്പിച്ച കുസൃതിയിൽ പോലീസ് ഉദ്യോഗസ്ഥരും ഒരു നാടും ഒരു രാത്രി മുഴുവൻ മുൾമുനയിലായി.
ഞായറാഴ്ച രാത്രി എട്ടോടെയാണ് അമ്മഞ്ചേരി-അടിച്ചിറ റോഡിലുള്ള പോലീസുകാരന്റെ വീട്ടിൽ ചാക്കിൽ കെട്ടിയനിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി എന്ന നിലയിൽ കഥ പ്രചരിച്ചത്. നിമിഷനേരംകൊണ്ട് സമൂഹമാധ്യമങ്ങൾ വഴിയും മറ്റും അതിവേഗം കഥ പ്രചരിച്ചു. ഏറ്റുമാനൂർ, ഗാന്ധിനഗർ പോലീസിനും ഏറ്റുമാനൂരെയും കോട്ടയത്തെയും മാധ്യമ പ്രവർത്തകർക്കും സ്വസ്ഥതയില്ലാതായി.
റെയിൽവേ ട്രാക്കിൽ ആത്മഹത്യക്ക് ശ്രമിച്ച പോലീസുകാരനെ പോലീസും റെയിൽവേ ഗാങ്മാനും ചേർന്ന് രക്ഷപ്പെടുത്തി എന്ന കഥകൂടി പിന്നാലെ എത്തിയതോടെ സംഭവം ഏകദേശം ഉറപ്പിച്ച മട്ടായി. പക്ഷേ സംഭവം ഏതു പോലീസുകാരന്റെ വീട്ടിൽ? ആ വഴിക്കായി പിന്നെ നാട്ടുകാരുടെ അന്വേഷണം.
നാട്ടുകാർക്കറിയാവുന്ന പോലീസുകാരുടെ വീടുകളിൽ രഹസ്യാന്വേഷണം നടത്തിയ നാട്ടുകാർക്ക് അവർ പാവങ്ങൾ, അങ്ങനൊന്നും ചെയ്യില്ല എന്ന് ബോധ്യപ്പെട്ടു. എന്തായാലും ആ രാത്രിയിൽ ചോദ്യത്തിന് ഉത്തരം കിട്ടിയില്ല. കുറെപ്പേരുടെ ഉറക്കം നഷ്ടപ്പെട്ടതു മിച്ചം.
ഇന്നലെ രാവിലെയാണ് കഥയുടെ പൊരുളറിയുന്നത്. ഒരു ഓൺലൈൻ മാധ്യമം ഒമ്പതു വർഷം മുമ്പു നടന്ന ഒരു കൊലപാതകത്തിന്റെ ചുരുളഴിച്ചതാണ്! ഇന്നു നടന്ന സംഭവം എന്നു തോന്നിക്കുന്ന മട്ടിലുള്ള അവതരണമാണ് മനുഷ്യരെ മുൾമുനയിലാക്കിയത്.
2016 ഓഗസ്റ്റ് ഒന്നിന് അമ്മഞ്ചേരിയിലെ ഒരു വീട്ടിൽവച്ച് കൊലപ്പെടുത്തിയ യുവതിയുടെ മൃതദേഹം ചാക്കിൽ കെട്ടി അതിരമ്പുഴയിലെ ഒരു റബർത്തോട്ടത്തിൽ തള്ളിയിരുന്നു. ഈ കഥ ചുരുളഴിയുമ്പോൾ എന്ന പേരിൽ ഓൺലൈൻ മാധ്യമം ചൂടാറാത്ത വാർത്ത എന്നു പ്രഥമദൃഷ്ട്യാ തോന്നിപ്പിക്കുംവിധം ഞായറാഴ്ച പ്രസിദ്ധീകരിച്ചതാണ് സകല പൊല്ലാപ്പിനും കാരണമായത്.
ഓൺലൈൻ മാധ്യമത്തിന്റെ കഥ തെറ്റിദ്ധരിച്ച് നാട്ടിൽ പ്രചരിക്കുന്ന അതേസമയത്താണ് സസ്പെൻഷനിലുള്ള പോലീസുകാരൻ റെയിൽവേ ട്രാക്കിൽ ജീവനൊടുക്കാൻ പോയത്. റെയിൽവേ ഗാങ്മാൻ വിവരമറിയിച്ചതിനെത്തുടർന്ന് റെയിൽവേ പോലീസും ഗാന്ധിനഗർ പോലീസും അതിവേഗം ഇടപെട്ടതിനാൽ ദുരന്തം ഒഴിവായി എന്ന് ആശ്വസിക്കാം.