നവീകരിച്ച കാഞ്ഞിരം-മലരിക്കൽ റോഡ് നാടിനു സമർപ്പിച്ചു
1538524
Tuesday, April 1, 2025 4:46 AM IST
കോട്ടയം: നവീകരിച്ച കാഞ്ഞിരം-മലരിക്കൽ റോഡിന്റെ ഉദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. ടൂറിസം രംഗത്ത് മികച്ച അടിസ്ഥാനസൗകര്യമൊരുക്കുമെന്ന സർക്കാർ നിലപാടാണ് യാഥാർഥ്യമായിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. മലരിക്കലിൽ നടന്ന ചടങ്ങിൽ സഹകരണ മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിച്ചു.
കാഞ്ഞിരം പാലം മുതൽ മലരിക്കൽ വരെ 1.4 കിലോമീറ്റർ നീളമുള്ള റോഡ് നബാർഡ് ഫണ്ടിൽനിന്ന് അഞ്ചുകോടി രൂപ ചെലവിട്ട് ബിഎംബിസി നിലവാരത്തിൽ ആധുനിക രീതിയിലാണ് നവീകരിച്ചത്.
തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡന്റ് ഒ.എസ്. അനീഷ്, വൈസ് പ്രസിഡന്റ് ജയ സജിമോൻ, പഞ്ചായത്ത് അംഗങ്ങളായ അജയൻ കെ. മേനോൻ, കെ. സുമേഷ് കുമാർ, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം. ബിന്നു, സി.ടി. രാജേഷ്, കെ.ആർ. അജയ്, കെ. അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.