റിംഗ് റോഡ് നിർമാണം വൈകുന്നത് മന്ത്രി വാസവന്റെ അനാസ്ഥ മൂലമെന്ന് കോൺഗ്രസ്
1538523
Tuesday, April 1, 2025 4:45 AM IST
ഏറ്റുമാനൂർ: ഏറ്റുമാനൂർ ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി വിഭാവനം ചെയ്ത ഏറ്റുമാനൂർ റിംഗ് റോഡിന്റെ നിർമാണം ആരംഭിക്കാത്തത് സ്ഥലം എംഎൽഎ മന്ത്രി വി.എൻ. വാസവന്റെ അനാസ്ഥ മൂലമെന്ന് കോൺഗ്രസ്.
2017ൽ ഭരണാനുമതി ലഭിച്ച് റിംഗ് റോഡിന്റെ സ്ഥലം ഏറ്റെടുക്കൽ അടക്കമുള്ള നടപടികൾ ആരംഭിച്ചതാണ്. റിംഗ് റോഡിനായി ഏറ്റെടുത്ത പഞ്ചായത്ത് റോഡിൽ അന്നുമുതൽ അറ്റകുറ്റപ്പണികൾ നടന്നിട്ടില്ല. റോഡ് പൊട്ടിപ്പൊളിഞ്ഞ് നടക്കാൻ പോലും പറ്റാത്ത അവസ്ഥയിലാണ്. വേനൽ ആരംഭിച്ചതോടെ രൂക്ഷമായ പൊടിശല്യം മൂലം സമീപത്തെ വീടുകളിൽ കഴിയാൻ പറ്റാത്ത അവസ്ഥയിലാണ്.
റോഡ് നിർമാണമാരംഭിക്കാത്തതിൽ നാട്ടുകാരുടെ ഭാഗത്തുനിന്നും പ്രതിഷേധമുയരുമ്പോൾ റോഡ് നിർമാണത്തിനായി പണം അനുവദിച്ചെന്ന ബോർഡുകൾ സ്ഥാപിച്ചും ചില പ്രഖ്യാപനങ്ങൾ നടത്തിയും എംഎൽഎ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു.
റിംഗ് റോഡിന്റെ നിർമാണം ഉടൻ ആരംഭിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ഏറ്റുമാനൂർ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ജോറോയി പൊന്നാറ്റിലിന്റെ നേതൃത്വത്തിൽ നിർദിഷ്ട റിംഗ് റോഡിലൂടെ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിൽ സമീപവാസികളടക്കം നിരവധി ജനങ്ങൾ പങ്കെടുത്തു.
ഡിസിസി വൈസ് പ്രസിഡന്റ് ബിജു പുന്നത്താനം പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു. ഡിസിസി ജനറൽ സെക്രട്ടറി എം. മുരളി, കെ.ജി. ഹരിദാസ്, ടോമി പുളിമാന്തുണ്ടം, ജൂബി ഐക്കരക്കുഴി, ജോയി പൂവന്നിക്കുന്നേൽ, സിനു ജോൺ, ജിബിൻ വല്ലേരി, ബിജു വലിയമല, ടോം പണ്ടാരക്കളം തുടങ്ങിയവർ പ്രസംഗിച്ചു.