വഖഫ് നിയമ ഭേദഗതി : ജനപ്രതിനിധികള്‍ മുനമ്പം ജനതയ്ക്കൊപ്പം നില്‍ക്കണമെന്ന് മോണ്‍. എത്തയ്ക്കാട്ട്
1538372
Monday, March 31, 2025 7:16 AM IST
ചങ്ങനാശേരി: മുനമ്പത്തെ ജനങ്ങള്‍ നിയമാനുസൃതമായി കൈവശംവച്ച് അനുഭവിക്കുന്ന ഭൂമിയിന്മേലുള്ള റവന്യൂ അവകാശങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കാത്തവിധം ഉന്നയിക്കപ്പെട്ടിരിക്കുന്ന അന്യായ അവകാശവാദങ്ങളെ ഭേദഗതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന ബില്ലിന്മേല് കേരളത്തില്‍നിന്നുള്ള ഇടതു, വലതു എംപിമാര്‍ നിലപാട് വ്യക്തമാക്കി മുനമ്പം ജനതയ്ക്കൊപ്പം നില്‍ക്കണമെന്ന് ചങ്ങനാശേരി അതിരൂപത വികാരിജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട്.
മുനമ്പത്തെ നൂറുകണക്കിനു കുടുംബങ്ങളുടെ ജീവല്‍പ്രശ്നത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളും ജനപ്രതിനിധികളും കാണിക്കുന്ന നിസംഗതയും ലാഘവബുദ്ധിയും അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കത്തോലിക്ക കോണ്‍ഗ്രസ് അതിരൂപത സമിതിയുടെ നേതൃത്വത്തില്‍ നടന്ന യൂത്ത്, മീഡിയ കൗണ്‍സില്‍ നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അതിരൂപതാ പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. അതിരൂപത പബ്ലിക് റിലേഷന്‍സ് ജാഗ്രതാസമിതി ഡയറക്ടര്‍ ഫാ. ജയിംസ് കൊക്കാവയലില്‍, അതിരൂപത ജനറല്‍ സെക്രട്ടറി ബിനു ഡൊമിനിക്, വൈസ് പ്രസിഡന്റ് ജോര്‍ജുകുട്ടി മുക്കത്ത്, റോസിലിന് കുരുവിള, ജിനോ ജോസഫ്, ജോസി ഡൊമിനിക്, ജോര്‍ജ് വര്‍ക്കി, മനു ജെ. വരാപ്പള്ളി, ഷിജോ ഇടയാടി, സെബാസ്റ്റ്യന്‍ വര്‍ഗീസ്, കുഞ്ഞ് കളപ്പുര, പി.സി. കുഞ്ഞപ്പന്, കെ.എസ് ആന്റണി, ജെസി ആന്റണി, മെര്ലിന് വി. മാത്യു, ടോജി സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.