വടയാർ ഇളങ്കാവ് ദേവീക്ഷേത്രത്തിലെ ചിരിത് ആറ്റുവേല ഭക്തിസാന്ദ്രമായി
1538515
Tuesday, April 1, 2025 4:45 AM IST
തലയോലപ്പറമ്പ്: വടയാർ ഇളങ്കാവ് ദേവീക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ ആറ്റുവേല ഭക്തി സാന്ദ്രമായി. തിങ്കളാഴ്ച പുലർച്ചെ നടന്ന ആറ്റുവേല ദർശനസായൂജ്യത്തിനായി ആയിരങ്ങളാണ് ക്ഷേത്രാങ്കണത്തിലേക്കും മൂവാറ്റുപുഴയാറിന്റെ തീരത്തേക്കും പ്രവഹിച്ചത്. തൂക്കുവിളക്കിന്റെ ദീപപ്രഭയിൽ വൈദ്യുത ദീപാലങ്കാരങ്ങളാൽ അലംകൃതമായ ആറ്റുവേല മൂവാറ്റുപുഴയാറിന്റെ ഓളപ്പരപ്പിലൂടെ ഇളങ്കാവ് ക്ഷേത്രത്തിലേക്ക് വരുന്ന നയന മനോഹരമായ കാഴ്ച കാണാൻ ഇരുകരകളിലുമായി ആയിരക്കണക്കിന് ഭക്തർ തടിച്ചുകൂടിയിരുന്നു.
വടക്കുംകൂർ രാജവംശത്തിന്റെ ദേവതയായ ഇളങ്കാവ് ഭഗവതിയെ കാണാൻ മീനമാസത്തിലെ അശ്വതിനാളിൽ സഹോദരി കൊടുങ്ങല്ലൂർ ഭഗവതി ജലമാർഗം വടയാർ ഇളങ്കാവ് ക്ഷേത്രത്തിലേക്ക് എഴുന്നെള്ളുന്നുവെ ന്നാണ് വിശ്വാസം. വാദ്യമേളങ്ങളോടെ ജലമാർഗം എത്തിയ ഗരുഡൻ പറവകൾ ആറ്റുവേലയ്ക്ക് അകമ്പടിയേകി. ഇരുകരകളിലുള്ള ഭക്തർ നിറദീപങ്ങൾ തെളിച്ചും അരിയും പൂവും തൂകിയും ആറ്റുവേലയെ വരവേറ്റു.
പുലർച്ചെ അഞ്ചിന് വടയാർ ഇളങ്കാവ് ക്ഷേത്രക്കടവിൽ ആറ്റുവേല ദർശനം നടന്നു. തുടർന്ന് ക്ഷേത്ര മതിൽക്കെട്ടിനു പുറത്ത് പ്രത്യേകം തയാറാക്കിയ പള്ളി സ്രാമ്പിലേക്കു ഭഗവതിയെ എഴുന്നള്ളിച്ചു.