അങ്ങാടിക്കുരുവികള്‍ നാടൊഴിഞ്ഞു
1538416
Monday, March 31, 2025 11:51 PM IST
കോട്ടയം: അടുത്തകാലത്തുവരെ നമ്മുടെ അങ്ങാടികളുടെ സജീവ സാന്നിധ്യമായിരുന്ന അങ്ങാടിക്കരുവികള്, പ്രധാന നഗരങ്ങളില്‍നിന്നെല്ലാം പൂര്‍ണമായും അപ്രത്യക്ഷമായി. കോട്ടയം, ചങ്ങനാശേരി, എറണാകുളം മറൈന്‍ ഡ്രൈവ് എന്നിവിടങ്ങളില്‍, ഈ വര്‍ഷത്തെ ലോക അങ്ങാടിക്കുരുവി ദിനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഒരു കുരുവിയെപ്പോലും കണ്ടെത്താനായില്ല.
കോട്ടയം ട്രോപ്പിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കല്‍ സയന്‍സസിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി, അങ്ങാടിക്കുരുവികളെ സംരക്ഷിക്കുവാന്‍ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നുവെങ്കിലും അവയൊന്നും ഫലം കണ്ടില്ല. കടയുടെ ഐശ്വര്യമായി കാണുകയും കടയ്ക്കുള്ളില്‍ കൂടു കൂട്ടാനും സ്വൈര വിഹാരം നടത്താനും അനുവദിച്ചിരുന്ന വ്യാപാരികളുടെ തലമുറ മാറി എന്നതാണ് മുഖ്യകാരണം.
പഴയ കെട്ടിടങ്ങള്‍ പൊളിച്ച് കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ നിര്‍മിക്കുമ്പോള്‍ കുരുവികളുടെ വിഹാരം തടഞ്ഞ് കൂട് കൂട്ടാന്‍ ഇടമില്ലാതാക്കുകയും ചെയ്യുന്നു. കീടനാശിനികള്‍ ഏറെയുള്ള ധാന്യങ്ങള്‍ ഭക്ഷണമാക്കിയപ്പോള്‍ കുഞ്ഞ് പക്ഷികളില്‍ ഒട്ടേറെയെണ്ണം ചത്തു. നഗരഹൃദയങളില് ഇവയുടെ കൂടുകള്‍ക്ക് സമീപമായി ഒട്ടേറെ മൊബൈല്‍ ടവറുകള്‍ ഉയര്‍ന്നതുമൂലം മുട്ടകളിലെ ഭ്രൂണവളര്‍ച്ച തടസപ്പെട്ടതും കുരുവികളുടെ ജനനനിരക്ക് കനത്ത തോതില്‍ കുറയാന്‍ കാരണമായി.
സദാസമയം ചിലച്ച് പറന്നുനടക്കുന്ന ഈ കൊച്ചു പക്ഷികള്‍ നമ്മുടെ അങ്ങാടികളിലെത്തുന്നവര്ക്കൊരു കുളിര്കാഴ്ചയും ശബ്ദസൗന്ദര്യവുമായിരുന്നു. ഇവയെ വീണ്ടെടുക്കാന്‍ പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കണമെന്ന് കോട്ടയം ട്രോപ്പിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കല്‍ സയന്‍സസിന്റെ ഡയറക്ടര്‍ ഡോ. പുന്നന്‍ കുര്യന് പറഞ്ഞു.