തേങ്ങവില കുതിക്കുന്നു
1538411
Monday, March 31, 2025 11:51 PM IST
തേങ്ങ-വെളിച്ചെണ്ണ വിഭവങ്ങൾ അടുക്കളയില്‍ ഔട്ട്
കോട്ടയം: ഒരു കിലോ തേങ്ങയ്ക്ക് വില 80 രൂപയും കടന്നതോടെ തേങ്ങ അരച്ച കറിയും തേങ്ങാച്ചമ്മന്തിയും വെളിച്ചെണ്ണ വിഭവങ്ങളും അടുക്കളയില്‍നിന്ന് ഔട്ടായിക്കൊണ്ടിരിക്കുന്നു. വെളിച്ചെണ്ണയ്ക്ക് 280 രൂപ. വില ഇനിയും ഉയരുമെന്നാണ് സൂചന.
നാട്ടില്‍ തെങ്ങും തേങ്ങയും ഇല്ലാതായതോടെ തമിഴ്നാട് തേങ്ങയുടെ വരവാണ്. തമിഴ്നാട്ടില്ന്നെത്തുന്ന ചെറിയ തേങ്ങ നാടന്‍ തേങ്ങയോളം പറ്റില്ല. തെങ്ങുകയറ്റക്കൂലി താങ്ങാനാവാതെ വന്നതോടെ നാട്ടില്‍ തെങ്ങുള്ളവര്‍ കരിക്ക് വില്ക്കാന് താത്പര്യപ്പെടുന്നു. തേങ്ങയും വെളിച്ചെണ്ണയും വേണ്ടാത്ത സാമ്പാര്‍ പോലുള്ള കറികളിലേക്ക് ഏറെപ്പേരും മാറുകയാണ്. പപ്പടവും ഒഴിവായി. ദോശയ്ക്കും ഇഡ്ഡലിക്കും തേങ്ങാ ചമ്മന്തിയില്ല.
നാഗര്‍കോവില്‍, കന്യാകുമാരി, കൂടംകുളം, മധുര, പൊള്ളാച്ചി എന്നിവിടങ്ങളില്‍നിന്നാണ് ഇവിടേക്ക് ദിവസവും ലോഡ് കണക്കിന് തേങ്ങയും കരിക്കും എത്തുന്നത്. ഡിമാന്‍ഡ് കൂടിയതോടെ തമിഴ് നാട്ടിലും തേങ്ങാ വില 60 കടന്നു. തൃശൂര്‍ മുതലുള്ള വടക്കന്ജില്ലകളില്നിന്നും ഇവിടേക്കുള്ള നാളികേരം വരവ് നന്നേ കുറഞ്ഞു.
ലക്ഷദ്വീപ് തേങ്ങ വടക്കന്‍ സംസ്ഥാനങ്ങളിലേക്ക് പോകുന്ന സാഹചര്യവും കേരളത്തിന് തിരിച്ചടിയായി. കൊപ്രവില കൂടിയതോടെ മായം ചേര്‍ന്ന വ്യാജന് വെളിച്ചണ്ണയാണ് വിപണിയിലേറെയും.
കാലാവസ്ഥാവ്യതിയാനത്തെത്തുടര്ന്ന് കേരളത്തില്‍ നാളികേരം ഉത്പാദനം കുത്തനെ കുറഞ്ഞു. കൊമ്പന്‍ചെല്ലി ശല്യവും മണ്ഡരിയും തെങ്ങിനെ ഒന്നാകെ തകര്‍ത്തു. സങ്കരയിനം തെങ്ങുകള്ക്കാവട്ടെ പ്രതിരോധവും ആയുസും കുറവുമാണ്.
കഴിഞ്ഞ ഓണത്തോടെ ഉയര്‍ന്ന തേങ്ങാവില പിന്നീട് കാര്യമായി താഴ്ന്നിട്ടില്ല. നാളികേരത്തിന്റെ ഏറ്റവും പ്രധാന ഉത്പാദന സീസണ് ജനുവരി മുതല്‍ മേയ് വരെയാണ്. ഈ സമയത്തും വില ഉയര്‍ന്നുനില്‍ക്കുന്നതിനാല്‍ മഴക്കാലത്ത് 100 രൂപവരെ ഉയരാനാണ് സാധ്യത.
കേരളത്തില്‍ നാളികേര കര്‍ഷകര്‍ക്ക് കാര്യമായ സഹായപദ്ധതികളില്ലാത്തതും തെങ്ങുകൃഷിയെ പിന്നോട്ടടിച്ചു. മുന്‍പ് സൗജന്യ നിരക്കില്‍ വളം, കക്ക, ജലസേചനം തുടങ്ങിയവയിൽ സഹായ പദ്ധതികളുണ്ടായിരുന്നു.