മെഡിക്കൽ കോളജ് ആശുപത്രിയിൽ ലിഫ്റ്റുകൾ തകരാറിൽ
1538366
Monday, March 31, 2025 7:16 AM IST
ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രിയിലെ ലിഫ്റ്റുകൾ തകരാറിലായിട്ട് ആഴ്ചകൾ പിന്നിടുന്നു. പഴയ അത്യാഹിത വിഭാഗത്തിനു സമീപത്തെയും മെയിൻ ഓപ്പറേഷൻ തിയറ്ററിലേക്കുമുള്ള ലിഫ്റ്റുകളാണ് തകരാറിലായിരിക്കുന്നത്.
തിയറ്ററിലേക്കുള്ള ഒരു ലിഫ്റ്റ് പ്രവർത്തിക്കുന്നുണ്ട്. കാലപ്പഴക്കത്തെത്തുടർന്നാണ് ലിഫ്റ്റുകളുടെ പ്രവർത്തനം നിലച്ചത്. ഇതേത്തുടർന്ന് രോഗികളും ജീവനക്കാരും വാർഡുകളിലേക്കും ഒപിയിലേക്കും മറ്റു വിഭാഗങ്ങളിലേക്കും പോകുന്നതിന് വലിയ ദുരിതമാണ് നേരിടുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ ഒമ്പതാം വാർഡ്, നാലാം വാർഡ് എന്നിവിടങ്ങളിലെ ലിഫ്റ്റുകളുടെ പ്രവർത്തനം നിലച്ചിരുന്നു. അടിക്കടി ലിഫ്റ്റുകൾ പണിമുടക്കുന്നത് ആശുപത്രിയുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചിരിക്കുകയാണ്.
വിവിധ വാർഡുകളിൽ മരുന്ന് എത്തിക്കുന്നതിന് ആശുപത്രി ചുറ്റിത്തിരിയണം എന്നതാണ് സ്ഥിതി. കാലപ്പഴക്കം ചെന്ന ലിഫ്റ്റുകൾ മാറ്റി പുതിയത് ഏർപ്പെടുത്താൻ ബന്ധപ്പെട്ട അധികാരികൾ നടപടി എടുക്കണമെന്ന് ആശുപത്രി ജീവനക്കാരും രോഗികളും ആവശ്യപ്പെട്ടു.