അടിപൊളിയാക്കാം, അവധിക്കാലം
1538140
Monday, March 31, 2025 12:06 AM IST
വീണ്ടും ഒരു മധ്യവേനല്‍
അവധിക്കാലംകൂടി വരികയാണ്.
ഇനിയുള്ള രണ്ടുമാസം നമ്മുടെ കുട്ടികളെ ഗാഡ്ജറ്റുകളുടെ ലോകത്തുനിന്ന് അകറ്റിനിര്‍ത്താം. മുന്‍കാലങ്ങളില്‍ അവധിക്കാലത്ത് മൊബൈല്‍ ഗെയിം കളിച്ചും ഇന്‍സ്റ്റഗ്രാം റീല്‍സ് കണ്ടുമായിരുന്ന കുട്ടികള്‍ സമയം കളഞ്ഞിരുന്നതെങ്കില് ഇത്തവണ ഇക്കാര്യങ്ങള്‍ തിരുത്തിച്ചേ മതിയാകൂ. വിദ്യാര്‍ഥികളില്‍ വര്‍ധിച്ചുവരുന്ന അക്രമവാസനകള്‍ ഉള്‍പ്പെടെയുള്ളവ മാറ്റിയെടുക്കാം. പുറംലോകത്തേക്ക് ഇറങ്ങിയാല്‍ മാത്രമേ അവരുടെ ആശയവിനിമയശേഷി വര്‍ധിക്കൂ. കുട്ടികള്‍ക്ക് വീട്ടിലും പുറത്തുമായി ഏര്‍പ്പെടാവുന്ന വിവിധ വിനോദങ്ങള്‍ പരിചയപ്പെടാം. ഓരോ വിനോദത്തിനും നിശ്ചിത സമയം വച്ചാല്‍ കൂടുതല്‍ ആസ്വാദ്യകരമാക്കാം. കായികവിനോദത്തിനും വായനയ്ക്കും നീന്തലിനും ഒക്കെയുള്ള സമയം അതില്‍ ഉള്‍പ്പെടുത്തി മാതാപിതാക്കള്‍തന്നെ ടൈംടേബിള്‍ തയാറാക്കി നല്‍കണം. അവധിക്കാലത്ത് കുട്ടിക്കളികളില്‍ സ്വന്തമായി ഒരു ഹോബിയെങ്കിലും ശീലമാക്കണം. സ്റ്റാമ്പ് ശേഖരണം,
ഗാര്‍ഡനിംഗ്, വളര്‍ത്തുമൃഗ പരിപാലനം അങ്ങനെ
എന്തുമാകാം. അയല്‍വാസികളും സമീപപ്രദേശങ്ങളിലെ
സമപ്രായക്കാരായ കുട്ടികളുമായി ചേര്‍ന്ന് വിവിധ
ടീമുകള്‍ രൂപവത്കരിക്കാം. ഈ ടീമുകളെ
പങ്കെടുപ്പിച്ച് ഫുട്ബോള്‍, ക്രിക്കറ്റ്,
ബാഡ്മിന്റണ്‍ ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കാം.
മാതാപിതാക്കള്‍
അറിയാന്‍
കുട്ടികളുടെ എല്ലാ കാര്യങ്ങളും മാതാപിതാക്കള്‍ അറിഞ്ഞിരിക്കണം. ഓരോ ദിവസവും കുട്ടികള്‍ ഏര്‍പ്പെട്ട വിനോദങ്ങളെക്കുറിച്ച് ചോദിച്ചറിയണം. ആവശ്യമായ പ്രോത്സാഹനങ്ങളും നല്‍കണം. കുട്ടികളുടെ കൂട്ടുകാര്‍ ആരൊക്കെയാണെന്ന് കൃത്യമായി അറിഞ്ഞിരിക്കണം. കൂട്ടുകാരുമായി സൗഹൃദമുണ്ടാക്കണം. കുട്ടികള്‍ ചീത്ത കൂട്ടുകെട്ടില്‍ അകപ്പെടാതിരിക്കാനും ലഹരിയുടെ വഴിയില്‍ സഞ്ചരിക്കാതിരിക്കാനും ഇതുപകരിക്കും.
കായികവിനോദങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ ശാരീരികമായി പരിക്കേല്‍ക്കാന്‍ സാധ്യത കൂടുതലാണ്. പരിക്കേല്‍ക്കുന്ന വിധത്തില്‍ കളിക്കരുതെന്ന് കുട്ടികളെ ഉപദേശിക്കാം. അഥവാ പരിക്കുപറ്റിയാല്‍ ഉടന്‍ പ്രഥമ ശുശ്രൂഷ നല്‍കുക. അതിന്റെ പേരില്‍ അവരെ വഴക്കുപറയാതെ സ്നേഹപൂര്‍വം ഉപദേശിക്കുക. രാവിലെയും രാത്രിയിലും കൃത്യസമയത്ത് ഉണരാനും ഉറങ്ങാനും നിര്‍ബന്ധിക്കുക.
സൈക്ലിംഗ്
ശാരീരികവും മാനസികവുമായ വളര്‍ച്ചയെ സൈക്ലിംഗ് പരിപോഷിപ്പിക്കുന്നു. മുറ്റത്തും പുറത്തും സൈക്ലിംഗ് നടത്താം. അയല്‍വാസികളായ കൂട്ടുകാര്‍ക്കൊപ്പം സൈക്ലിംഗ് മത്സരവും നടത്താം. മാനസിക പിരിമുറുക്കത്തിന് അയവുവരുത്തി പ്രകൃതിയോടിണങ്ങാനുള്ള ഉത്തമ മാര്‍ഗമാണിത്.
നീന്തല്‍
ഒരേ സമയം വിനോദവും മികച്ച വ്യായാമവുമാണ് നീന്തല്‍. അതിലുപരി അപകടങ്ങളില്‍നിന്ന് രക്ഷപ്പെടാനുള്ള മുന്‍കരുതലും. വീടിനു സമീപത്തെ കുളത്തിലോ സ്വിമ്മിംഗ് പൂളിലോ കൂട്ടുകാര്‍ക്കൊപ്പം നീന്തിത്തുടിച്ചാല്‍ മനസിനും ശരീരത്തിനും ലഭിക്കുന്ന ഉന്മേഷം വലുതാണ്.
കായികവിനോദം
ഇഷ്ടമുള്ള കായികവിനോദങ്ങളില്‍ ഏര്‍പ്പെടാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കാം. നാട്ടിലെ സ്പോര്‍ട്സ് ക്ലബ്ബുകളുടെയും റെസിഡന്റ്സ് അസോസിയേഷനുകളുടെയും ഭാഗമായുള്ള കായികപരിശീലനങ്ങളില്‍ പങ്കെടുപ്പിക്കാം. സ്കൂളിലും നാട്ടിലുമുള്ള ഫുട്ബാള്‍, ക്രിക്കറ്റ് പരിശീലന ക്യാമ്പുകളില്‍ പങ്കെടുപ്പിക്കാം. സംഘമായുള്ള കായിക ഇനങ്ങളുടെ ഭാഗമാകുന്നതിലൂടെ അവരില്‍ ടീം സ്പിരിറ്റും വളര്‍ത്താം. വീടിനുള്ളിലിരുന്ന ചെസ് ഉള്‍പ്പെടെയുള്ള കളികളും ശീലമാക്കാം.
സര്‍ഗവാസനകള്‍ വളര്‍ത്താം
ചിത്രരചന, കരകൗശലവസ്തുനിര്മാണം, കവിതാരചന, കഥാരചന, ക്ലേ മോഡലിംഗ് തുടങ്ങി വ്യത്യസ്ത കഴിവുകളായിരിക്കും ഓരോ കുട്ടിക്കും ഉണ്ടായിരിക്കുക. ഇവ കണ്ടെത്താനും പരിപോഷിപ്പിക്കാനും രക്ഷിതാക്കള്‍ക്ക് സഹായിക്കാം. ഒന്നും അടിച്ചേല്‍പ്പിക്കരുത്. കുട്ടികളുടെ ഇഷ്ടങ്ങള്‍ അവര്‍തന്നെ തെരഞ്ഞെടുക്കട്ടെ.
വളര്‍ത്തുമൃഗ പരിപാലനം
വളര്‍ത്തുമൃഗങ്ങളെ പരിപാലിക്കുന്നതിലൂടെ കുട്ടികളില്‍ ഉത്തരവാദിത്വബോധം വളരുകയും സാമൂഹികവും വൈകാരികവുമായ വികാസത്തില്‍ പോസിറ്റീവായ മാറ്റങ്ങള്‍ ഉണ്ടാവുകയും ചെയ്യും. കുട്ടികള്‍ മൃഗങ്ങളുമായി അടുത്തിടപഴകുമ്പോള്‍ രക്ഷിതാക്കളും മുതിര്‍ന്നവരും നന്നായി ശ്രദ്ധിക്കണം. അലര്‍ജിയുടെ ലക്ഷണങ്ങള്‍ കാണിക്കുന്ന കുട്ടികളെ വളര്‍ത്തുമൃഗങ്ങളുമായി ഇടപഴകാന്‍ അനുവദിക്കരുത്.
വായനാശീലം
സ്കൂള്‍ ലൈബ്രറിയിലും നാട്ടിലെ ലൈബ്രറിയിലും അംഗത്വമെടുക്കാനും പുസ്തകങ്ങള്‍ എടുക്കാനും പ്രേരിപ്പിക്കാം. അവ വായിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം. പ്രായത്തിനും താത്പര്യത്തിനും അനുസരിച്ചുള്ള പുസ്തകങ്ങള്‍ തെരഞ്ഞെടുക്കാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കാം. പുസ്തകം വായിച്ചുതീര്‍ത്താല്‍ പ്രോത്സാഹന സമ്മാനം നല്‍കാം.
ഒരുക്കാം, ഹോം ലൈബ്രറി
കുട്ടികളുടെ നേതൃത്വത്തില്‍ വീട്ടില്‍ ഒരു ഹോം ലൈബ്രറി തുടങ്ങാം. മുതിര്‍ന്നവരില്‍നിന്നും മറ്റും പുസ്തകങ്ങള്‍ വാങ്ങി വീട്ടില്‍ സൂക്ഷിക്കാം. ജന്മദിനത്തില് കുട്ടികള്‍ക്ക് സമ്മാനമായി പുസ്തകങ്ങള്‍ നല്‍കാം. ലൈബ്രറിയുടെ നടത്തിപ്പും കുട്ടികള്‍തന്നെ ഏറ്റെടുക്കട്ടെ. രക്ഷിതാക്കളുടെ മേല്‍നോട്ടം ഉണ്ടായാല്‍ മതി. സഹപാഠികള്‍ക്കും അയല്‍വാസികളായ കൂട്ടുകാര്‍ക്കും പുസ്തകങ്ങള്‍ നല്‍കാം.
കൃഷി, ഗാര്‍ഡനിംഗ്
വീടിനകത്തുമാത്രം കുത്തിയിരിക്കാതെ മണ്ണിലിറങ്ങാന്‍ കുട്ടികളെ പ്രേരിപ്പിക്കാം. തൈ നടുന്നത്, അതിന്റെ പരിപാലനം തുടങ്ങിയ കാര്യങ്ങള്‍ ആദ്യം ബോധ്യപ്പെടുത്താം. എന്നിട്ട് അവരെയുംകൂട്ടി പറമ്പിലേക്കിറങ്ങാം. സ്ഥലമില്ലാത്തവര്‍ക്ക് ടെറസില്‍ കൃഷി ചെയ്യാം.
കലാസദസ്
റെസിഡന്റ്സ് അസോസിയേഷന്, കൂട്ടായ്മകള്‍ എന്നിവരുടെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി കലാസദസ് നടത്താം. ഒരു പേരുമിടാം. അതിനായി വീടിന്റെ ടെറസോ പ്ലേ ഗ്രൗണ്ടോ ഫുട്ബാള്‍ ടര്‍ഫോ തെരഞ്ഞെടുക്കാം. കുട്ടികളുടെ കലാരൂപങ്ങള്‍ അവതരിപ്പിക്കാന്‍ അവസരമൊരുക്കാം. മത്സരമായി നടത്താം. വിധികര്‍ത്താക്കളായി മുതിര്‍ന്നവര്‍ ഇരിക്കട്ടെ.
സംഗീതോപകരണങ്ങള്‍ പഠിക്കാം
പാട്ട് പാടാനുള്ള കഴിവ് എല്ലാവര്‍ക്കുമില്ലെങ്കിലും സംഗീതോപകരണങ്ങള്‍ ആര്‍ക്കും പഠിച്ചെടുക്കാം. കീബോർഡ്, വയലിന്, ഗിത്താര്‍, തബല, ഫ്ലൂട്ട് തുടങ്ങിയ ഉപകരണങ്ങള്‍ പഠിക്കാം. അതോടൊപ്പം നൃത്തവും പഠിക്കാം.
സൈബർ സുരക്ഷിതരായിരിക്കാം
കോട്ടയം: അവധിക്കാലത്ത് ഓണ്‍ലൈനില്‍ സമയം ചെലവഴിക്കുന്ന കുട്ടികളുടെ മാതാപിതാക്കള്‍ ധാരാളം കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഓണ്‍ലൈന്‍ സുരക്ഷയെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും കുട്ടികള്‍ക്കു ശരിയായ അവബോധം നല്‍കണം. വ്യക്തിപരമായ സ്വകാര്യതയും സുരക്ഷയും ഓഫ്ലൈനില് എന്ന പോലെ തന്നെ ഓണ്‍ലൈനിലും പ്രധാനപ്പെട്ടതാണ്.
8 ഓണ്‍ലൈനില്‍ അഭിമുഖീകരിക്കുന്ന ആളുകളും സാഹചര്യങ്ങളും എപ്പോഴും വ്യത്യസ്തമാണെന്ന് മനസിലാക്കാനും എന്താണ് യഥാര്‍ഥ്യമെന്നും എന്താണ് വ്യാജമെന്നും വേര്‍തിരിച്ചറിയാനും കുട്ടികളെ പ്രാപ്തരാക്കണം.
8 തട്ടിപ്പുകളില്‍ വീഴാതിരിക്കാന്‍ പാസ്വേര്ഡുകളും സ്വകാര്യ വിവരങ്ങളും പങ്കുവയ്ക്കാതിരിക്കാന്‍ കുട്ടികളെ പഠിപ്പിക്കുക.
8വ്യക്തിപരമായ വിവരം വെളിപ്പെടുത്താനായി ആളുകള്‍ കുട്ടികളെ കബളിപ്പിച്ചേക്കാം.
8 അക്കൗണ്ട് വിവരം ആവശ്യപ്പെടുന്നതോ അസാധാരണമായി തോന്നുന്ന അറ്റാച്ച്മെന്റുള്ളതോ ആയ, സന്ദേശം, ലിങ്ക്, അല്ലെങ്കില്‍ ഇ-മെയില്‍ അപരിചിതരില്‍നിന്നു ലഭിച്ചാല്‍ രക്ഷിതാക്കളെ സമീപിക്കാന്‍ കുട്ടികളെ പഠിപ്പിക്കുക.
8അപരിചിതരില്‍നിന്നു സൗഹൃദ അഭ്യര്‍ഥനകള്‍ സ്വീകരിക്കാതിരിക്കുക.
8 ഒരു സന്ദേശം അസാധാരണമാണെന്ന് തോന്നിയാല്‍ മുതിര്‍ന്നവരെക്കൊണ്ടു പരിശോധിപ്പിക്കാന്‍ കുട്ടികളോട് ആവശ്യപ്പെടുക.
8സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ സ്വകാര്യത സംരക്ഷിക്കാനുള്ള ക്രമീകരണങ്ങള്‍ ഉറപ്പുവരുത്തുക
8ഓണ്‍ലൈന്‍ ഗെയിമുകളില്‍ സ്വകാര്യവിവരങ്ങളും സ്വകാര്യചിത്രങ്ങളും പങ്കുവയ്ക്കാതിരിക്കുക
അറിവു പകരാൻ ക്ലാസുകൾ
ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിൽ
കോട്ടയം: ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ ഏഴു മുതല്‍ അത്ലറ്റിക്സ്, കളരിപ്പയറ്റ്, യോഗ, ഫുട്ബോള്‍, വോളിബോള്‍, ബാസ്കറ്റ് ബോള്‍, സ്വിമ്മിംഗ്, ബേസ്ബോള്‍, ബോഡി ബില്‍ഡിംഗ്, ഷട്ടില്‍ ബാഡ്മിന്റണ്‍, ജൂഡോ, കബഡി തുടങ്ങിയവയിൽ കോച്ചിംഗ് ക്യാമ്പ് നടത്തും. 0481 2563825, 8547575248.
ഡോണ്‍ ബോസ്കോ സ്പോര്‍ട്സ് അക്കാദമിയിൽ
പുതുപ്പള്ളി: ഡോണ്‍ ബോസ്കോ സ്പോര്‍ട്സ് അക്കാദമി പുതുപ്പള്ളിയില്‍ ഏപ്രില്‍ മൂന്നു മുതല്‍ 22 വരെ നാലു മുതല്‍ 18 വയസ് വരെയുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും സമ്മര്‍ ക്യാമ്പ് നടത്തും. ഫുട്ബോള്‍, ബാസ്കറ്റ് ബോള്‍, ബാഡ്മിന്റണ്‍, കരാട്ടെ, ചെസ്, പെയിന്റിംഗ്, അബാക്കസ്, കീബോര്‍ഡ്, വ്യക്തിത്വ വികസനം, ആര്‍ട് ആന്‍ഡ് ക്രാഫ്റ്റ് എന്നിവയില്‍ പരിശീലനം നല്‍കും. 9746761693.
വൈഎംസിഎയിൽ
കോട്ടയം: വൈഎംസിഎയുടെ നേതൃത്വത്തില്‍ അവധിക്കാലത്ത് വിവിധ കോച്ചിംഗ് ക്ലാസുകള്‍ ഏപ്രില്‍ രണ്ടിന് ആരംഭിക്കും. ഷട്ടില്‍, ചെസ്, റോളര്‍ സ്കേറ്റിംഗ്, ബ്രിഡ്ജ്, ബില്യാര്‍ഡ്സ്, സ്നൂക്കര്‍, യോഗ, സൂംബ, കരാട്ടെ, ടേബിള്‍ ടെന്നീസ്, ബാസ്കറ്റ് ബോള്‍, അബാക്കസ്, ലൈഫ് സ്കില്‍ ഡെവലപ്മെന്റ് പ്രോഗ്രാം, പബ്ലിക് സ്പീക്കിംഗ്, ഡാന്‍സ്, പെയിന്റിംഗ് എന്നീ ഇനങ്ങളിലാണ് പരിശീലനം. 8891700591, 2560591.
ചിങ്ങവനം: വൈഎംസിഎ അവധിക്കാല ക്ലാസുകള്‍ നടത്തും. ചിത്രരചന, സംഗീതം, സംഗീതോപകരണങ്ങള്‍ തുടങ്ങിയവയ്ക്ക് രജിസ്ട്രേഷന്്. 8921536341, 7994868345.
കൈപ്പുഴ സെന്റ് ജോര്‍ജ് വിഎച്ച്എസ്എസിൽ
കൈപ്പുഴ: കൈപ്പുഴ സെന്റ് ജോര്‍ജ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അഞ്ച് മുതല്‍ എട്ട് വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി സമ്മര്‍ സ്റ്റോറീസ് 2കെ 25 അവധിക്കാല ക്യാമ്പ് സംഘടിപ്പിക്കും. ഏപ്രില്‍ എട്ട്, ഒന്‍പത് തീയതികളില്‍ സ്കൂളിന്റെ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ക്യാമ്പ്. വ്യക്തിത്വ വികസനം, നേതൃത്വ പരിശീലനം, പ്രസംഗ പരിശീലനം എന്നീ വിഷയങ്ങളില്‍ ക്ലാസുകള്‍ ഉണ്ടായിരിക്കുമെന്ന് സ്കൂള്‍ മാനേജര്‍ ഫാ. സാബു മാലിത്തുരുത്തേല്‍ അറിയിച്ചു. 9446268 658, 9995 317010.
കലാദർശന അക്കാദമിയിൽ
കോട്ടയം: ദര്‍ശന സാംസ്കാരിക കേന്ദ്രത്തിന്റെ കാലദര്‍ശന അക്കാദമിയില്‍ സ്കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ക്കായി നൃത്ത-സംഗീത-വാദ്യ കലകളില്‍ പരിശീലനം ആരംഭിക്കും. വയലിന്, തബല, ഓര്‍ഗന്‍, ഗിറ്റാര്‍, ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, സെമി ക്ലാസിക്കല്‍ ഡാന്‍സ്, ശാസ്ത്രീയ സംഗീതം, ലളിത സംഗീതം, ബ്രേക്ക് ആന്‍ഡ് സിനിമാറ്റിക് ഡാന്‍സ്, ഡ്രോയിംഗ് ആന്‍ഡ് പെയിന്റിംഗ്, കരാട്ടെ, ചെസ്, മൃദഗം, ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ്, കംപ്യൂട്ടര്‍, സ്പോക്കണ് ഇംഗ്ലീഷ്, ഇംഗ്ലീഷ് ഗ്രാമര്‍ എന്നിവയിലാണ് പരിശീലനം. ആഴ്ചയില്‍ അഞ്ചു ദിവസം രാവിലെ 10 മുതല്‍ നാലു വരെ സ്പെഷല്‍ സമ്മര്‍ പാക്കേജ് ഉണ്ടാവും. 9188520400, 9447008255.
കുട്ടികളുടെ ലൈബ്രറിയില്‍
കോട്ടയം: ചിൽഡ്രൻസ് ലൈബ്രറി ആന്‍ഡ് ജവഹര്‍ ബാലഭവനില്‍ രണ്ടു മാസം നീളുന്ന അവധിക്കാല ക്ലാസ് നാളെ ആരംഭിക്കും. ചിത്രരചന, വിവിധ നൃത്ത, താള, വാദ്യ ഇനങ്ങള്‍ക്ക് പുറമെ സ്പോക്കണ് ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷാ പഠനം, അബാക്കസ്, യോഗ, കരാട്ടെ, ചെസ് എന്നിവയിലും പരിശീലനം നല്‍കും. നാലു മുതല്‍ 18വയസു വരെുള്ളവര്ക്കാണ് പ്രവേശനം. 0481-2583004, 7012425859.
ഫുട്ബോള്‍ കോച്ചിംഗ് ക്യാമ്പ്
കോട്ടയം: ജില്ല ഫുട്ബോള്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ അവധിക്കാല ഫുട്ബോള്‍ കോച്ചിംഗ് ക്യാമ്പ് എപ്രില്‍ മൂന്നിന് ആരംഭിക്കും. കോട്ടയം നെഹ്റു സ്റ്റേഡിയം, ലെജന്‍ഡ്സ് ടര്‍ഫ് ചമ്പക്കര, കുന്നേല്‍ ഗവ. സ്കൂള്‍ കാഞ്ഞിരപ്പള്ളി, എസ്എന്‍ഡിപി ഹയര്‍സെക്കന്‍ഡറി സ്കൂള്‍ കിളിരൂര്‍ എന്നിവിടങ്ങളിലാണ് പരിശീലനം. രജിസ്ട്രേഷന് 9846 244010
ആസ്ട്രോണമി ക്യാമ്പ്
ചിങ്ങവനം: അസ്ട്രോ സെന്ററില്‍ ഏപ്രില്‍ 11, 12 തീയതികളില്‍ ആസ്ട്രോണമി സമ്മര്‍ ക്യാമ്പ് നടക്കും. ആകാശനിരീക്ഷണ പരിശീലനം, ടെലസ്കോപ്പ് നിര്‍മാണ പരിശീലനം, സൗരകളങ്ക നിരീക്ഷണം എന്നിവയുണ്ട്. 9656556030.
ആര്‍ച്ചറി പരിശീലനം
മാന്നാനം: ഫിസിക്കലി ചലഞ്ച്ഡ് ഓള് സ്പോര്‍ട്സ് അസോസിയേഷന് കേരളയും ഫ്യൂച്ചര്‍ ഒളിമ്പ്യന്‍സ് പ്രഫഷണല്‍ ആര്‍ച്ചറി അക്കാദമിയും മാന്നാനത്ത് സൗജന്യ ആര്‍ച്ചറി പരിശീലന ക്യാമ്പ് നടത്തും. 9809921065.
ചിത്രരചന ക്ലാസ്
കോട്ടയം: കൊട്ടരത്തില്‍ ശങ്കുണ്ണി സ്മരക സ്കൂള്‍ ഓഫ് ആര്‍ട്സില്‍ ചിത്രരചന ക്ലാസുകള്‍ ഏപ്രില്‍ എട്ടിന് ആരംഭിക്കും. 9446202858.
ചെസ്
കോട്ടയം: ചെസ് അക്കാദമി ഓണ്‍ലൈനായും നേരിട്ടും സംഘടിപ്പിക്കുന്ന ചെസ് പരിശീലന ക്ലാസുകളില്‍ അഞ്ചു വയസിനു മുകളിലുള്ളവര്‍ക്ക് അപേക്ഷിക്കാം. 9895030071.
സംഗീതം, ഉപകരണം
കോട്ടയം: കോട്ടയം കലാക്ഷേത്രത്തില്‍ അവധിക്കാല ക്ലാസുകള്‍ ആരംഭിക്കും. കര്‍ണാട്ടിക് വോക്കല്‍, മൃദംഗം, വയലിന്, പൂല്ലാങ്കുഴല് എന്നിവയിലാണ് ക്ലാസുകള്‍. 7994192937.
സെന്റ് ആന്റണീസ് കോളജില്‍
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി, പെരുവന്താനം സെന്റ് ആന്റണീസ് കോളജുകളില്‍ ഏപ്രില്‍ 21 മുതല്‍ ഹ്രസ്വകാല കംപ്യൂട്ടര്‍ പരിശീലനം, ക്രാഫ്റ്റ്, സെബര്‍ സെക്യൂരിറ്റി, ആര്‍ട്ടിഫിഷല്‍ ഇന്റലിജന്റ് തുടങ്ങിയ വിവിധ വിഷയങ്ങളില്‍ പരിശീലനം നല്‍കും.
ബസേലിയസ് കോളജില്‍
കോട്ടയം: ബസേലിയസ് കോളജില്‍ ഫുട്ബോള്‍ അക്കാദമിയുമായി ചേര്‍ന്ന് ഏഴു മുതല്‍ 18 വയസു വരെയുള്ള കുട്ടികള്‍ക്ക് മേയ് 26 വരെ ഫുട്ബോള്‍ പരിശീലന ക്ലാസ് നടത്തും. 9947467007, 9495690047.
അത്ലറ്റിക്സ് പരിശീലനം
മുണ്ടക്കയം ഈസ്റ്റ്: ഹൈറേഞ്ച് സ്പോര്‍ട്സ് അക്കാദമിയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി മുണ്ടക്കയം 35-ാം മൈല്‍ ബോയിസ് ഗ്രൗണ്ടിൽ അത്ലറ്റിക്സ് പരിശീലനം നല്കം. വൈകുന്നേരങ്ങളില്‍ കുട്ടികള്‍ക്കായി ഫുട്ബോള്‍ കോച്ചിംഗ് ക്യാമ്പുമുണ്ട്. 7907497824
ചങ്ങനാശേരി: എസ്ബി കോളജില്‍ സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കു കായിക പരിശീലന പരിപാടി ഏപ്രില്‍ ഒന്നു മുതല്‍ മേയ് 10വരെ നടക്കും. ഫുട്ബോള്‍, ബാസ്കറ്റ്ബോള്‍, ഷട്ടില്‍ ബാഡ്മിന്റൺ കളികളിലാണ് പരിശീലനം നല്‍കുന്നത്. 9446260078, 9656663996.