അപകടങ്ങൾ പെരുകുന്നു; ഒരാഴ്ചയ്ക്കിടെ മുണ്ടക്കയത്ത് അഞ്ച് അപകടങ്ങൾ
1538403
Monday, March 31, 2025 11:51 PM IST
മുണ്ടക്കയം: അമിത വേഗതയും അശ്രദ്ധമായ ഡ്രൈവിംഗും ദേശീയപാതയിൽ അപകടങ്ങൾക്കു കാരണമാകുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മുണ്ടക്കയം ടൗണിൽ മാത്രം നടന്നത് അഞ്ച് അപകടങ്ങളാണ്. ഇതിൽ ഒരാളുടെ ജീവൻ നഷ്ടമായി. രണ്ടുപേർക്കു ഗുരുതര പരിക്കേറ്റു.
ഞായറാഴ്ച രാത്രി ഒന്പതോടെ മുണ്ടക്കയം ടൗണിൽ പെട്രോൾ പമ്പിനു സമീപം ദേശീയപാതയിൽ ജീപ്പും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പാലൂർക്കാവ് സ്വദേശിയായ മൂലയിൽ ഓമനയുടെ മകൻ അജിത്ത് (23) മരിച്ചു. പാലൂർക്കാവ് സ്വദേശി നെല്ലിയാനിയിൽ സിബിച്ചന്റെ മകൻ ഷൈനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാത്രി എട്ടോടെ വൈഎംസിഎ ജംഗ്ഷനു സമീപം കാറും ഓട്ടോയും കൂട്ടിയിടിച്ചു ഓട്ടോറിക്ഷ ഡ്രൈവർക്കു പരിക്കേറ്റു. ശനിയാഴ്ച വൈകുന്നേരം പൈങ്ങന എസ്എൻഡിപിക്കുസമീപം റോഡു മുറിച്ചു കടന്ന യാത്രക്കാരനെ ഓട്ടോറിക്ഷ ഇടിച്ചു തെറിപ്പിച്ചിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മധ്യവയസ്കനെ ഉടൻതന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പൈങ്ങനായിലും ചിറ്റടിക്കു സമീപവും വാഹനാപകടങ്ങൾ നടന്നിരുന്നു. ഒരു മാസംമുമ്പു മുറിഞ്ഞപുഴക്കുസമീപം ദേശീയപാതയിൽ ബൈക്ക് അപകടത്തിൽപ്പെട്ട യുവാവ് മരിച്ചിരുന്നു. കൂടുതലും അപകടത്തിൽപ്പെടുന്നത് ഇരുചക്ര വാഹനങ്ങളും യുവാക്കളുമാണ്.
ദേശീയപാതയിൽ വാഹനങ്ങളുടെ എണ്ണം വർധിച്ചതും ലഹരി ഉപയോഗിച്ചുള്ള വാഹന ഡ്രൈവിംഗും അപകടങ്ങളുടെ എണ്ണം വർധിപ്പിക്കുകയാണ്.