എഎസ്സിഇ സ്റ്റുഡന്റ് സിമ്പോസിയം സെന്റ്ഗിറ്റ്സ് വിദ്യാര്‍ഥികള്‍ക്ക് മികച്ച നേട്ടം
1538517
Tuesday, April 1, 2025 4:45 AM IST
കോട്ടയം: അമേരിക്കന്‍ സൊസൈറ്റി ഓഫ് സിവില്‍ എന്‍ജിനിയേഴ്സ് (എഎസ്സിഇ) ഇന്ത്യ റീജന്റെ ആഭിമുഖ്യത്തില്‍ മുകേഷ് പട്ടേല്‍ സ്കൂള്‍ ഓഫ് ടെക്നോളജി മാനേജ്മെന്റ് ആന്‍ഡ് എന്‍ജിനിയറിംഗ് മുംബൈ കാമ്പസില്‍ നടത്തപ്പെട്ട ഇന്ത്യ റീജൺ സ്റ്റുഡന്റ് സിമ്പോസിയത്തില്‍ പാത്താമുട്ടം സെന്റ്ഗിറ്റ്സ് എന്‍ജിനിയറിംഗ് കോളജിലെ സിവില്‍ എന്‍ജിനിയറിംഗ് വിഭാഗം വിദ്യാര്‍ഥികള്‍ക്ക് മികച്ച നേട്ടം.
സിമ്പോസിയത്തിന്റെ ഭാഗമായി നടത്തപ്പെട്ട എട്ടു മത്സരങ്ങളില്‍ ഏഴിലും വിജയിക്കാൻ സെന്റ്ഗിറ്റ്സ് സ്റ്റുഡന്റ് ചാപ്റ്ററിനു സാധിച്ചു. ത്രിഡി ബ്രിഡ്ജ് പ്രിന്റിംഗ്, സര്‍വേയിംഗ്, ടെക്നിക്കല്‍ പോസ്റ്റര്‍ പ്രസന്റേഷന്, ഡിസൈന്‍ ആന്‍ഡ് ഇന്നോവേഷന്‍, സിവില്‍ എന്‍ജിനിയറിംഗ് ക്വിസ് തുടങ്ങിയവയിലാണ് വിദ്യാര്‍ഥികള്‍ നേട്ടങ്ങള്‍ കൈവരിച്ചത്. ഈ വിജയത്തിലൂടെ അമേരിക്കയില്‍ നടക്കുന്ന എഎസ്സിഇ ആഗോളതല മത്സരങ്ങളില്‍ ഇന്ത്യയില്‍നിന്നുള്ള വിദ്യാര്‍ഥികളെ പ്രതിനിധീകരിച്ച് പങ്കെടുക്കാന്‍ അര്‍ഹതയും കോളജിലെ വിദ്യാര്‍ഥികള്‍ നേടി.
സിവില്‍ എന്‍ജിനിയറിംഗ് വിഭാഗം മേധാവി ഡോ. സൂസന് റോസ്, സ്റ്റുഡന്റ് ചാപ്റ്റര്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. ജിതിന് കുര്യന് ആന്‍ഡ്രൂസ്, വിദ്യാര്‍ഥി പ്രതിനിധികളായ മന്നാ അല്മാ സാം, ജോസഫ് ബിനില്‍, സിവില്‍ എന്‍ജിനിയറിംഗ് വിഭാഗം അധ്യാപകര്‍ തുടങ്ങിയവര്‍ വിദ്യാര്‍ഥികളെ പരിശീലിപ്പിക്കുന്നതിന് നേതൃത്വം നല്കി.
നേട്ടത്തിനുടമകളായ വിദ്യാര്‍ഥികളെ പ്രിന്‍സിപ്പല്‍ ഡോ. ടി. സുധ, സെന്റ്ഗിറ്റ്സ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ഡയറക്ടര്‍ തോമസ് ടി. ജോണ്‍, എക്സിക്യൂട്ടീവ് ചെയര്മാന് പുന്നൂസ് ജോര്‍ജ് തുടങ്ങിയവര്‍ അഭിനന്ദിച്ചു.