കാഞ്ഞിരപ്പള്ളിയെ സമ്പൂർണ ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിച്ചു
1538399
Monday, March 31, 2025 11:51 PM IST
കാഞ്ഞിരപ്പള്ളി: പഞ്ചായത്തിനെ സമ്പൂർണ ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിച്ചു. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ചീഫ് വിപ്പ് ഡോ.എൻ. ജയരാജാണ് പ്രഖ്യാപനം നടത്തിയത്. തുടർച്ചയായ ഇടപെടലിലൂടെയാണ് പഞ്ചായത്ത് പ്രദേശം മാലിന്യമുക്തമാക്കിയത്. അവശേഷിക്കുന്ന തുരുത്തുകൾകൂടി ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കുന്നതിന് ഇടപെട്ടുവരികയാണ്.
6.5 ലക്ഷം രൂപമുടക്കി ടൗണിൽ സിസിടിവി കാമറ സ്ഥാപിക്കുന്നതിനു നടപടി പൂർത്തിയായി. കെൽട്രോണിനാണ് ചുമതല. എല്ലാ വാർഡുകളിലും എംസിഎഫ് സ്ഥാപിക്കുകയും ഹരിതകർമ സേനകളെ വിന്യസിക്കുകയും ചെയ്തു. ടൗൺ ഉൾപ്പെടെ പഞ്ചായത്ത് പ്രദേശത്ത് 64 വേസ്റ്റ് ബിന്നുകളും വാട്ടർ ബോട്ടിലുകൾ ശേഖരിക്കുന്നതിനായി 20 ബോട്ടിൽ ബൂത്തുകളും പ്രധാന കേന്ദ്രങ്ങളിൽ സ്ഥാപിച്ചു. വ്യാപാര സ്ഥാപനങ്ങളിലെ നിയമലംഘനങ്ങൾ തടയാൻ പഞ്ചായത്തു തല എൻഫോഴ്സ്മെന്റ് ടീം രൂപീകരിച്ച് കടകൾ പരിശോധിച്ച് പിഴ ഈടാക്കി വരുന്നു. കൂടാതെ ജില്ലാതല എൻഫോഴ്സ്മെന്റ് ടീം കടകളിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്. പൊതുനിരത്തുകളിലും ജലസോത്രസുകളിലേക്കും മാലിന്യങ്ങൾ വലിച്ചെറിഞ്ഞാൽ 10,000 രൂപ കുറഞ്ഞ ഫൈനോടുകൂടി കടുത്ത ശിക്ഷാ നടപടികളും ഉണ്ടാകും.
വ്യാപാരസ്ഥാപനങ്ങളും വ്യവസായ ശാലകളും കലാലയങ്ങളും കർശന നിരീക്ഷണത്തിലാണ്. ഒരു വിധത്തിലുമുള്ള നിയമ ലംഘനം അനുവദിക്കില്ല. ഗ്രീൻ പ്രോട്ടൊക്കോൾ പാലിച്ച് പ്രവർത്തിക്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും കുടുംബശ്രീയെയും കണ്ടെത്തി പ്രോത്സാഹന പുരസ്കാരം നൽകി ആദരിച്ചു. മികച്ച ഹരിത ഗ്രന്ഥശാലയായി വിഴിക്കിത്തോട് പിവൈഎംഎ ലൈബ്രറിയും മികച്ച സ്ഥാപനമായി ഹോംഗ്രോൺ ഫാം ആൻഡ് നഴ്സറിയെയും തെരഞ്ഞെടുത്തു.
നല്ല സമറിയാൻ ആശ്രമം, യുവദീപ്തി, വിഴിക്കിത്തോട് കുടുംബരോഗ്യ കേന്ദ്രം, ചിറ്റാർ റസിഡൻസ് അസോസിയേഷൻ, അമുൽ ഇക്കോ ഷോപ്പ്, ആനക്കല്ല് ഗവൺമെന്റ് എൽപി സ്കൂൾ, കപ്പാട് ഗവൺമെന്റ് ഹൈസ്കൂൾ എന്നീ സ്ഥാപനങ്ങൾക്കും പുരസ്കാരം നൽകി. ഷംസുദീൻ തോട്ടത്തിൽ, റിയാസ് കാൾടെക്സ്റ്റ്, വി.പി. മുഹമ്മദ് ഇസ്മായിൽ, ജോയ്സ് കുന്നത്ത് എന്നിവർ നൽകിയ പരിസ്ഥിതി മേഖലയിലെ സംഭാവനകൾക്ക് പ്രോത്സാഹന പുരസ്കാരം നൽകി ആദരിച്ചു.
യോഗത്തിൽ പ്രസിഡന്റ് കെ.ആർ. തങ്കപ്പൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സുമി ഇസ്മായിൽ പ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തു. ജില്ലാ പഞ്ചായത്തംഗം ജെസി ഷാജൻ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്ജോളി മടുക്കക്കുഴി, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു.