കോണത്താറ്റ് പാലം: ഐഎന്‍ടിയുസി ലോംഗ് മാർച്ച് നാളെയും മൂന്നിനും
1538518
Tuesday, April 1, 2025 4:45 AM IST
കുമരകം: കോണത്താറ്റ് പാലത്തിന്റെ നിര്‍മാണമാരംഭിച്ച് മൂന്നുവര്‍ഷം കഴിഞ്ഞിട്ടും പണി പാതിവഴിയില്‍ മുടങ്ങി ജനങ്ങള്‍ യാത്രാദുരിതം നേരിടുന്നതിന് അടിയന്തര പരിഹാരമാവശ്യപ്പെട്ട് ഐഎന്‍ടിയുസി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന അനിശ്ചിതകാല സമരത്തിന്റെ ഒന്നാം ഘട്ടമായി നാളെയും മൂന്നിനും ലോംഗ് മാര്‍ച്ചും ധര്‍ണയും നടത്തും.
ടൂറിസംരംഗത്തും തൊഴില്‍രംഗത്തും ലോകത്തിലെ പ്രധാന സ്ഥലങ്ങളിലൊന്നായ കുമരകത്തെ ഈ പാലം പണി ആരംഭിച്ചതിനെത്തുടർന്ന് മൂന്നുവര്‍ഷമായി ബസ് ഉള്‍പ്പെടെ വലിയ വാഹനങ്ങള്‍ ഒന്നും കടന്നുപോകാതായി. മന്ത്രിയുടെ മണ്ഡലമായിട്ടുംപോലും അധികൃതര്‍ കാണിക്കുന്ന അനാസ്ഥയ്ക്കെതിരേയാണ് സമരം.
ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫിന്റെ നേതൃത്വത്തില്‍ നാളെ ഉച്ചകഴിഞ്ഞു മൂന്നിന് ഇല്ലിക്കല്നിന്നാരംഭിക്കുന്ന മാര്‍ച്ച് ചാണ്ടി ഉമ്മന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ കോണത്താറ്റ് പാലത്തിനു സമീപം നടക്കുന്ന ധര്‍ണ ഉദ്ഘാടനം ചെയ്യും. കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം ജോസഫ് വാഴയ്ക്കന് മുഖ്യപ്രസംഗം നടത്തും. ഏറ്റുമാനൂര്‍, കോട്ടയം, ചങ്ങനാശേരി, പുതുപ്പള്ളി, കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലങ്ങളിലെ പ്രവര്‍ത്തകര്‍ പങ്കെടുക്കും.
മൂന്നിന് ഉച്ചകഴിഞ്ഞ് 3.30ന് കവണാറ്റിന്കരനിന്നാരംഭിക്കുന്ന ലോംഗ് മാര്‍ച്ച് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രശേഖരന് ഉദ്ഘാടനം ചെയ്യും. കുമരകം ജംഗ്ഷനില്‍ നടക്കുന്ന പ്രതിഷേധ കൂട്ടധര്‍ണ മുന്‍മന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്യും. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് മുഖ്യപ്രസംഗം നടത്തും.