ക്ഷീരകര്‍ഷകര്‍ പ്രതിസന്ധിയില്‍
1538420
Monday, March 31, 2025 11:51 PM IST
കോട്ടയം: കടുത്ത വേനലിനൊപ്പം പശുപരിപാലനവും ചെലവുമേറിയതോടെ ക്ഷീരകര്‍ഷകര്‍ പ്രതിസന്ധിയില്‍. കാലിത്തീറ്റകള്‍ക്ക് ഉള്‍പ്പെടെയുണ്ടായ വിലവര്‍ധനയും ഉത്പാദനം കുറഞ്ഞതുമാണു പ്രതിസന്ധി വര്‍ധിപ്പിച്ചത്. ഉത്പാദന ചെലവിന് ആനുപാതികമായി വരുമാനം ലഭിക്കുന്നില്ലെന്നാണ് ക്ഷീരകര്‍ഷകര്‍ പറയുന്നത്.
ചെലവ് കൂടിയിട്ടും വിലനിര്‍ണയ ചാര്‍ട്ടില്‍ മാറ്റമില്ല. 2019ലെ കണക്കനുസരിച്ചുള്ളതാണ് ഇപ്പോഴും ക്ഷീര സംഘങ്ങളിലെ വിലനിര്‍ണയ ചാര്‍ട്ട്. മില്‍മയുടെ കണക്കുപ്രകാരം ഒരു ലിറ്റര്‍ പാല് ഉത്പാദിപ്പിക്കുന്നതിന് 45.16 രൂപയായിരുന്നു ചെലവ്. അന്ന് കാലിത്തീറ്റയ്ക്കും മരുന്നിനുമടക്കം വില കുറവായിരുന്നു.
മുമ്പ് കിലോയ്ക്ക് 26 രൂപ ആയിരുന്ന കാലിത്തീറ്റ വില ഇപ്പോള്‍ 34 രൂപയാണ്. സൗജന്യമായി ലഭിച്ചിരുന്ന മരുന്നുകള്‍ വില നല്‍കിയാണു വാങ്ങുന്നത്. ഈ സാഹചര്യത്തിലും ക്ഷീര സംഘങ്ങളില്‍നിന്നു പാലിന് കര്‍ഷകര്‍ക്ക് ലഭിക്കുന്നത് ലിറ്ററിന് പരമാവധി 43 രൂപയാണ്. ഇത് 70 രൂപയെങ്കിലുമാക്കി വര്‍ധിപ്പിച്ചെങ്കിലേ മുമ്പോട്ടു പോകാനാവൂവെന്നാണു കര്‍ഷകര്‍ പറയുന്നത്.
ക്ഷീരസംഘങ്ങളിലെ വില നിര്‍ണയ ചാര്‍ട്ട് പരിഷ്കരിക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു. മുന്‍കാലങ്ങളില്‍ പാലിന്റെ കൊഴുപ്പ് അനുസരിച്ച് നിശ്ചയിച്ച വിലയാണു ചാര്ട്ടിലേത്. അക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന സുനന്ദിനി, ജഴ്സി തുടങ്ങിയ ഇനങ്ങളുടെ പാലിന് കൊഴുപ്പ് കൂടുതലായിരുന്നു.
ഹൈബ്രിഡ് ഇനത്തിലുള്ള പശുക്കളെയാണ് ഇപ്പോള്‍ കര്‍ഷകര്‍ വളര്‍ത്തുന്നത്. ഇവയുടെ പാലിന് മറ്റിനങ്ങളേക്കാള്‍ കൊഴുപ്പ് കുറവാണ്. ചാര്‍ട്ട് പരിഷ്കരിച്ച് പാല്‍വില വര്‍ധനയ്ക്കുള്ള വഴി തെളിക്കണമെന്നാണു കര്‍ഷകരുടെ ആവശ്യം.
വരവും ചെലവും ഒത്തുപോകാത്തതിനാല്‍ 30 ശതമാനം കര്‍ഷകര്‍ കൃഷി അവസാനിപ്പിച്ച നിലയിലാണ്. ക്ഷീരവികസനവകുപ്പ് മന്ത്രിയെ പലതവണ വിവരം ധരിപ്പിച്ചെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. തീരുമാനമുണ്ടാകുന്നില്ലെങ്കില്‍ സമരത്തിലേക്ക് പോകാനാണ് കര്‍ഷകരുടെ തീരുമാനം.