ചായക്കടയിൽ സംഘർഷം ; യുവാവിന് കുത്തേറ്റു; ഒരാൾ പിടിയിൽ
1538142
Monday, March 31, 2025 12:06 AM IST
ചങ്ങനാശേരി: ചായക്കടയിലുണ്ടായ തര്‍ക്കത്തിൽ ഒരാള്‍ക്ക് കുത്തേറ്റു. ഒരാള്‍ അറസ്റ്റില്‍. ഫാത്തിമാപുരം സ്വദേശി സാവ്യോ(23)ക്കാണ് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് തൃക്കൊടിത്താനം ആരമല സ്വദേശി സിജോ(30)യെ ചങ്ങനാശേരി പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകുന്നേരം ചങ്ങനാശേരി ബൈപാസില്‍ പാലത്രച്ചിറ ഭാഗത്തുള്ള ചായക്കടയിലാണ് സംഭവം.
ഇരുവരും തമ്മില്‍ മുന്വൈരാഗ്യമുള്ളതാണെന്നും ചായക്കടയില്‍വച്ച് തര്‍ക്കവും വാക്കേറ്റവും ഉണ്ടാകുകയും സിജോ കൈയില്‍ കരുതിയിരുന്ന കത്തിയെടുത്ത് സാവ്യോയെ കുത്തുകയുമായിരുന്നെന്നും പോലീസ് പറഞ്ഞു. ഇരുകൈകള്‍ക്കും പരിക്കേറ്റ സാവ്യോയെ ചെത്തിപ്പുഴ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയെ ചോദ്യം ചെയ്തുവരികയാണന്നും കേസ് എടുത്തതായും എസ്ഐ സന്ദീപ് പറഞ്ഞു. ഇരുവരും നേരത്തേ പല കേസുകളിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
ചങ്ങനാശേരി ബൈപാസ് റോഡ് കേന്ദ്രീകരിച്ച് രാവും പകലും ക്രിമിനല്‍, ലഹരി സംഘങ്ങള്‍ വിലസുന്നതായി പരാതിയുണ്ട്. ഈ റോഡില്‍ പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്നും നഗരവാസികള്‍ ആവശ്യപ്പെട്ടു.