ലഹരി വിരുദ്ധ ബോധവത്ക്കരണം: ഫ്യൂച്ചർ സ്റ്റാർസ് റീൽസ് കോമ്പറ്റീഷൻ
1538392
Monday, March 31, 2025 10:39 PM IST
ഈരാറ്റുപേട്ട: എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ ഗുണമേന്മ പദ്ധതിയായ ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രൊജക്ടിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവത്കരണം ലക്ഷ്യമാക്കി അഖിലകേരള അടിസ്ഥാനത്തിൽ വിദ്യാർഥകൾക്കും യുവജനങ്ങൾക്കുമായി ഒരു മിനിറ്റിൽ കുറയാത്ത ഒരു റീൽസ് കോമ്പറ്റീഷൻ നടത്തുമെന്ന് ഫ്യൂച്ചർ സ്റ്റാർസ് രക്ഷാധികാരി കൂടിയായ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. ലഹരി രഹിത കേരളം - സുരക്ഷിത ജീവിതം എന്ന മുദ്രാവാക്യം മുൻനിർത്തിയാണ് റീൽസ് കോമ്പറ്റീഷൻ സംഘടിപ്പിക്കുന്നത്.
കേരളത്തിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെയുള്ള കാമ്പയിന്റെ ഭാഗമായി ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് കുട്ടികളെയും യുവാക്കളെയും ബോധവാന്മാരാക്കുക എന്ന ഒരു സാമൂഹ്യ പ്രതിബദ്ധത മുൻനിർത്തിയാണ് അവധിക്കാലത്ത് ഇത്തരമൊരു റീൽസ് കോമ്പറ്റീഷൻ നടത്തുന്നത്. അഞ്ചു മുതൽ ആരംഭിക്കുന്ന മത്സരത്തിൽ 25 ന് വരെ തങ്ങളുടെ സൃഷ്ടികൾ സമർപ്പിക്കാവുന്നതാണ്. മേയ് അഞ്ചിന് മത്സര വിജയികളെ പ്രഖ്യാപിക്കും.
വിജയികൾക്ക് യഥാക്രമം 10000, 7500, 500 രൂപയുംസർട്ടിഫിക്കറ്റും നൽകും. കൂടാതെ ലൈക്കുകളുടെയും ഷെയറുകളുടെയും അടിസ്ഥാനത്തിൽ മോസ്റ്റ് പോപ്പുലർ റീൽസിന് 5000 രൂപയും സർട്ടിഫിക്കറ്റും മികച്ച പെർഫോമൻസ് കാഴ്ചവയ്ക്കുന്ന 10 റീൽസുകൾക്ക് പ്രോത്സാഹന സമ്മാനവും നൽകും
സ്വന്തമായി നിർമിച്ചതും ഒരു മിനിറ്റിൽ കവിയാതെയുമുള്ള റീൽസുകളാണ് മത്സരത്തിനായി പരിഗണിക്കുക. ലഹരി വിരുദ്ധ അവബോധം പോസിറ്റീവ് സന്ദേശങ്ങളിലൂടെ പ്രചരിപ്പിക്കുക, ശാസ്ത്രീയവും പ്രായോഗികവുമായ അവബോധവും നിർദേശങ്ങളും നൽകുക, ലഹരി ഉപയോഗത്തിന്റെ ആഘാതങ്ങൾ ഹൈലൈറ്റ് ചെയ്യുക, ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക, ലഹരി വിമുക്തമാക്കാൻ സഹായിക്കുന്ന വിഭവങ്ങളെക്കുറിച്ച് ബോധവത്ക്കരണം നൽകുക തുടങ്ങിയവയാണ് കോമ്പറ്റീഷന്റെ ഉദ്ദേശലക്ഷ്യങ്ങൾ. മത്സരത്തിൽ പങ്കെടുക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കുമായി ഫോൺ: 7902609306, 9400376678, 9446602182 .