എട്ടു മാസം ഗര്‍ഭിണിയായ യുവതി ഭർതൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍
1538412
Monday, March 31, 2025 11:51 PM IST
കടുത്തുരുത്തി: എട്ടു മാസം ഗര്‍ഭിണിയായ യുവതിയെ ഭർതൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുറുപ്പന്തറ കണ്ടാറ്റുപാടം മുതുകാട്ടുപറമ്പില്‍ അഖില്‍ മാനുവലിന്റെ ഭാര്യ അമിത സണ്ണി (32) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയിലാണ് സംഭവം. മക്കളായ അനയ (നാല്), അന്ന (രണ്ടര) എന്നീ കുട്ടികള്‍ യുവതിയുടെ മാതാപിതാക്കള്‍ക്കൊപ്പമാണ് കഴിയുന്നത്. ഞായറാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം.
രാത്രിയില്‍ അമിത വീട്ടുകാരെ ഫോണില്‍ വിളിച്ചു താന്‍ മരിക്കാന്‍ പോവുകയാണെന്ന് പറഞ്ഞതായി ബന്ധുക്കള്‍ പറഞ്ഞു. അമിതയുടെ വീട്ടുകാര്‍ ഫോണില്‍ വിളിച്ചെങ്കിലും കിട്ടാതെ വന്നതോടെ അഖിലിനെ ഫോണില്‍ വിളിച്ചു വിവരമറിയിക്കുകയായിരുന്നു.
തുടര്‍ന്ന് അഖില്‍ വന്നു നോക്കിയപ്പോഴാണ് തൂങ്ങിനില്‍ക്കുന്ന നിലയില്‍ അമിതയെ കാണുന്നത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മകനും മരുമകളും തമ്മില്‍ വഴക്കിട്ടതായും പിന്നീട് അഖില്‍ പുറത്തേക്ക് പോയ സമയത്താണ് അമിത തൂങ്ങിയതെന്നും അഖിലിന്റെ മാതാവ് ഷേര്‍ളി പോലീസിനോട് പറഞ്ഞു. വൈക്കം തഹസില്‍ദാരുടെ നേതൃത്വത്തില്‍ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം കാരിത്താസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വീട്ടിലും പരിശോധനകള്‍ നടത്തി. ഇന്ന് പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വൈകുന്നേരം നാലിന് അമിതയുടെ ഇടവകയായ കടപ്ലാമറ്റം സെന്റ് മേരീസ് പള്ളിയില്‍ സംസ്കാരം നടക്കും.
സൗദിയില്‍ നഴ്സായി ജോലി നോക്കിയിരുന്ന അമിത ഒരു വര്‍ഷത്തോളമായി നാട്ടില്‍ത്തന്നെയാണ്. . മരണം സംബന്ധിച്ചു ബന്ധുക്കളാരും പരാതി നല്‍കിയിട്ടില്ലെന്നും അസ്വാഭാവിക മരണത്തിന് കേസെടുത്തതായും പോലീസ് പറഞ്ഞു. കടുത്തുരുത്തി പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.