അര്‍ച്ചന വിമന്‍സ് സെന്റര്‍ മുന്നേറ്റത്തിന്റെ ഇരുപതാം വര്‍ഷത്തിലേക്ക്
1538418
Monday, March 31, 2025 11:51 PM IST
ഏറ്റുമാനൂര്‍: വനിതാ ശക്തീകരണത്തിനും അവരുടെ സാമ്പത്തിക ഭദ്രതയ്ക്കും വ്യക്തിത്വ വികസനത്തിനും ഉതകുന്ന നൂതന പ്രവര്‍ത്തനങ്ങള്‍ക്ക് വഴിതുറന്ന അര്‍ച്ചന വിമന്‍സ് സെന്റര്‍ സേവനത്തിന്റെ ഇരുപതാം വര്‍ഷത്തിലേക്ക്.
ഏതു തൊഴിലിലും സ്ത്രീകള്‍ക്കു പ്രാവീണ്യമുണ്ടെന്ന് തെളിയിക്കാനും തൊഴിലിടങ്ങളിലെ വേതന വേര്‍തിരിവുകള്‍ ഇല്ലാതാക്കാനും ഉതകുന്ന വിദഗ്ധതൊഴിലുകളുടെ പരിശീലനം അര്‍ച്ചനയില്‍ നല്കുന്നു. നിര്‍മാണമേഖലയില്‍ മേസ്തിരി, ആശാരി ജോലികളില്‍ നൂറുകണക്കിന് വനിതകള്‍ പ്രാവീണ്യം നേടി മെച്ചപ്പെട്ട വരുമാനം നേടി കുടുംബം ഭദ്രമാക്കുന്നു.
ഇതിനൊപ്പം സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങളില്‍ വനിതാ പങ്കാളിത്തവും ഇടപെടലും നടത്താന്‍ വനിതകള്‍ക്ക് ബോധവത്കരണ പരിപാടികളും നടത്തുന്നു. അര്‍ച്ചനയുടെ വനിതാ കൂട്ടായ്മകള്‍ കാര്‍ഷിക, വാണിജ്യ, വ്യാപാര മേഖലകളിലും മുന്നേറ്റം കുറിച്ചു. ചെറുധാന്യകൃഷി, മൂല്യവര്‍ധന, വിപണനം എന്നിവയിലും സാന്നിധ്യമുറപ്പിച്ചു.
ഒബ്ളേറ്റ് മിഷണറീസ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിലാണ് പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും അവഗണിക്കപ്പെട്ടവരുടെയും ഉന്നമനം ലക്ഷ്യമാക്കി വനിതകള്‍ക്കായി അര്‍ച്ചനയുടെ പ്രവര്‍ത്തനങ്ങള്‍. സുനാമി, മഹാപ്രളയം പുനരധിവാസത്തിലും ശക്തീകരണത്തിലും ഡയറക്ടര്‍ സിസ്റ്റര്‍ ത്രേസ്യാമ്മ മാത്യുവിന്റെ നേതൃത്വത്തില്‍ നിരവധി കര്‍മപദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കി.
വാര്‍ഷികത്തോടനുബന്ധിച്ച വ്യാഴാഴ്ച രാവിലെ 10.30 ന് വെട്ടിമുകള്‍ കേന്ദ്ര ഓഫീസ് ഓഡിറ്റോറിയത്തില്‍ അര്‍ച്ചനയിലൂടെ പരിശീലനം നേടിയ മേസ്തിരി, കാര്‍പെന്റര്‍ ഒത്തുചേരലും വിപുലമായ കൂട്ടായ്മയും നടത്തും. അര്‍ച്ചനയുടെ പ്രവര്‍ത്തനങ്ങളില്‍ സഹകാരികളായ ലക്സംബര്‍ഗിലെ പാര്താജ് ലു എന്ന സംഘടനയുടെ പ്രസിഡന്റ് ഡെനീസ് റിച്ചാര്‍ഡ് മുഖ്യാതിഥിയായിരിക്കും. പൊതുസമ്മേളനം, സ്നേഹവിരുന്ന്, കലാപരിപാടികള്‍ തുടങ്ങിയവ നടത്തപ്പെടും. ജനപ്രതിനിധികള്‍, സാമൂഹിക-സാസ്കാരിക- സാമുദായിക നേതാക്കന്മാര് തുടങ്ങിയവര്‍ പങ്കെടുക്കും.