ഏറ്റുമാനൂരിൽ ഭർത്താവിനും ഭർതൃമാതാവിനുമെതിരേ പീഡന പരാതി
1538376
Monday, March 31, 2025 7:24 AM IST
ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ ഭർത്താവിനും ഭർതൃമാതാവിനുമെതിരേ യുവതിയുടെ പീഡന പരാതി. ഭർത്താവും ഭർതൃമാതാവും പീഡിപ്പിക്കുന്നതായി ഏറ്റുമാനൂർ സ്വദേശിയായ നാല്പത്തേഴുകാരിയാണ് പോലീസിൽ പരാതി നൽകിയിരിക്കുന്നത്. പത്തു വർഷത്തോളം വിദേശത്ത് നഴ്സായി ജോലി ചെയ്തിരുന്നയാളാണ് പരാതിക്കാരി.
പാറോലിക്കലിൽ ആത്മഹത്യ ചെയ്ത ഷൈനിയെപ്പോലെ മക്കളെയും കൂട്ടി നിനക്കും ചെയ്തുകൂടേ എന്നു ചോദിച്ചതായി യുവതി പരാതിയിൽ പറയുന്നു. കോടതി ഉത്തരവുപ്രകാരം തങ്ങൾ കഴിയുന്ന വീട്ടിലെത്തി ഭർതൃമാതാവ് വൈദ്യുതി വിച്ഛേദിക്കുന്നതായും മദ്യത്തിനടിമയായ ഭർത്താവ് അമ്മയെ തൃപ്തിപ്പെടുത്തുന്നതിനായി തന്നെയും മക്കളെയും മർദിക്കുകയും അസഭ്യം പറയുകയും ചെയ്യുന്നതായും പരാതിയിൽപറയുന്നു.
പേരൂർ സ്വദേശി ജോമോൻ, ജോമോന്റെ അമ്മ മറിയാമ്മ എന്നിവർക്കെതിരേയാണ് പരാതി നൽകിയിരിക്കുന്നത്. കുടുംബപ്രശ്നമാണ് ഇവർ തമ്മിലുള്ളതെന്നു പോലീസ് പറഞ്ഞു. യുവതിക്കെതിരേ ഭർത്തൃമാതാവും പോലീസിൽ പരാതി നൽകിയിട്ടുണ്ട്.