ഇത്തിത്താനം ഇളങ്കാവ് ക്ഷേത്രത്തില്‍ ഇന്ന് പടയണിക്കോലങ്ങള്‍ എത്തും
1538530
Tuesday, April 1, 2025 4:46 AM IST
ഇത്തിത്താനം: നീണ്ട ഇടവേളയ്ക്കുശേഷം ഇളങ്കാവ് ക്ഷേത്രത്തില്‍ ഇന്ന് ചൂട്ടുവെളിച്ചത്തില്‍ പടയണിക്കോലങ്ങള്‍ എത്തും. പതിറ്റാണ്ടുകള്‍ക്കു മുമ്പ് നിലച്ചുപോയ പടയണിത്താളങ്ങള് തിരികെ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് മീനഭരണി ഉത്സവത്തോടനുബന്ധിച്ച് ഇന്നു വൈകുന്നേരം 6.45ന് പടയണി നടത്തുന്നത്. ക്ഷേത്രം ദേവസ്വത്തിന്റെ നേതൃത്വത്തിലാണ് ഈ അനുഷ്ഠാനം തിരികെ കൊണ്ടുവരുന്നത്. കോട്ടാങ്ങല്‍ ശ്രീദേവി പടയണി സംഘത്തിന്റെ നേതൃത്വത്തിലാണ് ഇന്നു പടയണി അവതരിപ്പിക്കുന്നത്.
പുലവൃത്തം, യക്ഷിക്കോലം, പക്ഷിക്കോലം, മറുത, ഭൈരവി, കാലന് കോലം എന്നീ കോലങ്ങളെ ചൂട്ടുവെളിച്ചത്തിന്റെ പൊന്പ്രഭയില് ദര്‍ശിക്കാനാകും.
പടയണിയുടെ ആവശ്യത്തിലേക്കുള്ള ചൂട്ട് ദേവസ്വത്തിന്റെ നേതൃത്വത്തില്‍ യുവാക്കളും ഭക്തരും ചേര്‍ന്നാണ് ശേഖരിക്കുന്നത്. ദേവസ്വം പ്രസിഡന്റ് കെ.പി. സജികുമാര്‍ ആദ്യചൂട്ട് സമര്‍പ്പിച്ചു. ഇളങ്കാവിലുള്ള തദ്ദേശീയരായ ആളുകളെ തെരഞ്ഞെടുത്ത് പടയണി അഭ്യസിപ്പിക്കാനും ദേവസ്വം തീരുമാനിച്ചിട്ടുണ്ട്.
ക്ഷേത്രത്തില്‍ ഇന്ന് മീനഭരണി ഉത്സവം നടക്കും. രാവിലെ 9.30ന് നൂറ്റിയൊന്ന് കലം എഴുന്നള്ളത്ത് (അമ്പലക്കോടിയിലേക്ക്), 10.30ന് ഉച്ചപൂജ, കലശാഭിഷേകം, 11ന് സര്‍പ്പപൂജ, 11.30ന് കലംകരിക്കല്‍, വൈകിട്ട് 6.45ന് പടയണി, രാത്രി 10ന് എതിരേല്പ്, 10.30ന് നടയില്‍ തൂക്കം, അര്‍ജുന നൃത്തം.