വായന വിസ്മയവുമായി അല്‍ഫോന്‍സ കോളജ് സെന്റര്‍ ലൈബ്രറി
1538408
Monday, March 31, 2025 11:51 PM IST
പാലാ: വായനയുടെ വിസ്മയ ലോകത്തിലേക്ക് യുവജനങ്ങളെ ആകര്‍ഷിക്കാന്‍ ആധുനിക ലൈബ്രറിയുടെ മാനദണ്ഡമനുസരിച്ച് പുതിയ ലൈബ്രറി സമുച്ചയം അല്‍ഫോന്‍സ കോളജില്‍ പ്രവര്‍ത്തനം ആരംഭിച്ചു. മാര്‍ ജോസഫ് കല്ലറങ്ങാട്ട് ലൈബ്രറി ഉദ്ഘാടനം ചെയ്തു.
ഡിജിറ്റല്‍ സംവിധാനങ്ങളോടു കൂടിയ ആധുനിക ലൈബ്രറിയാണ് മനോഹരമായി ഒരുക്കിയിരിക്കുന്നത്. വിജ്ഞാനം വിരല്‍ത്തുമ്പില്‍ എന്നതാണ് പുതിയ ലൈബ്രറിയുടെ ആപ്തവാക്യം. ഏറ്റവും ആധുനിക ഇരിപ്പിടങ്ങളാണ് ലൈബ്രറിയില്‍ സജ്ജമാക്കിയിരിക്കുന്നത്. ലൈബ്രറിയുടെ ഉള്ളില്‍ നൂറുകണക്കിന് ഇന്‍ഡോര്‍ പ്ലാന്ന്റ്സ് സജ്ജമാക്കിയിട്ടുണ്ട്. വിവിധ വിജ്ഞാന മേഖലകളിലെ 50000 ല്‍ പരം പുസ്തകങ്ങളുടെ അപൂര്‍വ ശേഖരം ലൈബ്രറിയിലുണ്ട്. പഴയ മലയാളം ലിപിയില്‍ എഴുതപ്പെട്ട പുസ്തകങ്ങളുടെ അപൂര്‍വ ശേഖരം ലൈബ്രറിയുടെ തനിമയ്ക്ക് ഭംഗി കൂട്ടുന്നു. ലോകത്തിലെ പ്രസിദ്ധമായ എല്ലാ മാസികകളും ഇവിടെ ലഭ്യമാണ്.
ഭിന്നശേഷിക്കാരായ വിദ്യാർഥികള്‍ക്ക്, പ്രത്യേകിച്ച് കാഴ്ചാവൈകല്യമുള്ള വിദ്യാര്‍ഥിനികള്‍ക്ക് സ്ക്രീന്‍ റീഡര്‍ സൗകര്യവും നിരവധി ഇ-ബുക്കുകളും ലഭ്യമാണ്. ബ്രയ്ല് ലിപി ട്രെയിനിംഗിനുമുള്ള സൗകര്യവുമുണ്ട്.
കവാടത്തില്‍ സ്ഥാപിച്ചിരിക്കുന്ന പുസ്തക മരവും ജലധാരയും 100 ചിറകുള്ള പുസ്തകവും ആകര്‍ഷകമാണ്. രണ്ടു നിലകളിലായി സജ്ജീകരിച്ചിരിക്കുന്ന ലൈബ്രറിയില്‍ നിശബ്ദ വായന ഏരിയായും ലൈബ്രറി കഫറ്റീരിയായും പൂന്തോട്ട ലൈബ്രറിയും മിനി സെമിനാര്‍ ഹാളുമുണ്ട്.
കോളജ് മാനേജര്‍ മോണ്‍. ജോസഫ് തടത്തില്‍, പ്രിന്‍സിപ്പല്‍ റവ.ഡോ. ഷാജി ജോണ്‍, വൈസ് പ്രിന്‍സിപ്പല്‍മാരായ ഡോ. സിസ്റ്റര്‍ മിനിമോള്‍ മാത്യു, ഡോ.സിസ്റ്റര്‍ മഞ്ജു എലിസബത്ത് കുരുവിള, കോളജ് ബര്‍സാര്‍ ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍, കോളജ് ലൈബ്രേറിയന്‍ ബിജിമോള്‍ സാബു, അധ്യാപകര്‍, അനധ്യാപകര്‍ എന്നിവരുടെ പരിശ്രമത്തിന്റെ ഫലമാണ് പുതിയ ലൈബ്രറി. ശനിയാഴ്ചകളില്‍ കോളജിന് പുറത്തുള്ളവര്‍ക്ക് ലൈബ്രറി ഉപയോഗിക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.