ജറുസലെം മാര്‍ത്തോമ ദേവാലയം ശതോത്തര രജതജൂബിലി നിറവിൽ
1538519
Tuesday, April 1, 2025 4:45 AM IST
കോട്ടയം: നഗരമധ്യത്തിലെ ജറുസലെം മാര്‍ത്തോമ ദേവാലയം 125-ാം വര്‍ഷത്തിലേക്ക്. ഒരു വര്‍ഷത്തെ ശതോത്തര രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ആറിനു നടക്കും. അന്നു രാവിലെ എട്ടിന് വിശുദ്ധ കുര്‍ബാനയ്ക്ക് ഡോ. തിയഡോഷ്യസ് മാര്‍ത്തോമാ മെത്രാപ്പോലീത്ത നേതൃത്വം നല്‍കും. തുടര്‍ന്ന് നടക്കുന്ന ഇടവകദിന സമ്മേളനത്തില്‍ ശതോത്തര രജതജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനം ഡോ. തിയഡോഷ്യസ് മാര്‍ത്തോമാ മെത്രാപ്പോലീത്ത നിർവഹിക്കും. കോട്ടയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് അനുഗ്രഹപ്രഭാഷണം നടത്തും.
ജൂബിലി ലോഗോ അനാച്ഛാദനം, പ്രോജക്ട് ഫണ്ട് ഉദ്ഘാടനം എന്നിവയും നടക്കും. ഭവനനിര്‍മാണ സഹായം, വിവാഹസഹായം, ഡയാലിസിസ് യൂണിറ്റ് തുടങ്ങിയ പദ്ധതികളും നടപ്പാക്കും. ഇടവക വികാരി റവ. ഷിബു മാത്യു, സഹവികാരി റവ. ഷിനോയ് ജോസഫ്, ജനറല്‍ കണ്‍വീനര്‍ അനൂപ് സി. ജോണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
1901 മാര്‍ച്ച് 24ന് വലിയനോമ്പിലെ 36-ാം ഞായറാഴ്ച തീത്തൂസ് ദ്വിതീയന്‍ മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയാണ് ദേവാലയ കൂദാശ നടത്തിയത്. ജെറുസലേം ഇടവകാംഗങ്ങളുടെ പിന്തുണയോടെയാണ് കോട്ടയം മാര്‍ത്തോമാ വൈദിക സെമിനാരി, എംടി സെമിനാരി സ്കൂള്‍ തുടങ്ങിയ സഭാസ്ഥാപനങ്ങള്‍ക്ക് തുടക്കം കുറിച്ചത്.