കോട്ടയം ബൈബിള്‍ കണ്‍വന്‍ഷനു നാളെ തുടക്കം
1538415
Monday, March 31, 2025 11:51 PM IST
കോട്ടയം: നാഗമ്പടം സെന്റ് ആന്റണീസ് തിരുശേഷിപ്പ് തീര്‍ഥാടന കേന്ദ്രത്തില്‍ നടക്കുന്ന കോട്ടയം ബൈബിള്‍ കണ്വന്ഷൻ നാളെ തുടങ്ങും. കോട്ടയം കാത്തലിക് മൂവ്മെന്റിന്റെയും കോട്ടയം കരിസ്മാറ്റിക് സോണിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന കൺവൻഷൻ ആറിനു സമാപിക്കും. ഉച്ചകഴിഞ്ഞു മൂന്നു മുതല്‍ രാത്രി ഒമ്പതു വരെ നടക്കുന്ന കണ്‍വന്‍ഷനു തൃശൂര്‍ തലോര്‍ ജറുസലേം ധ്യാനകേന്ദ്രത്തിലെ ഫാ. ഡേവീസ് പട്ടത്ത് ആന്‍ഡ് ടീം നേതൃത്വം നല്‍കും.
നാളെ വൈകുന്നേരം തിരുവല്ല ആര്‍ച്ച്ബിഷപ് തോമസ് മാര്‍ കൂറിലോസ് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കുകയും കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയും ചെയ്യും.
എല്ലാ ദിവസവും ഉച്ചകഴിഞ്ഞു മൂന്നിനു കരുണക്കൊന്തയോടെ കണ്വന്ഷന് ആരംഭിക്കും. തുടര്‍ന്നു വിവിധ കരിസ്മാറ്റിക് സബ് സോണുകളുടെ നേതൃത്വത്തില്‍ ജപമാല. നാലിന് വിശുദ്ധ കുര്‍ബാന, അനുഗ്രഹപ്രഭാഷണം. അഞ്ചിന് വചനപ്രഘോഷണം. രാത്രി 8.30ന് ദിവ്യകാരുണ്യ ആരാധനയോടെ കണ്വന്ഷന് സമാപിക്കും. കണ്വന്ഷന് ദിവസങ്ങളില്‍ രാവിലെ ഒമ്പതു മുതല്‍ രാത്രി 10 വരെയുള്ള സമയങ്ങളില്‍ 1500ലധികം വിശുദ്ധരുടെ തിരുശേഷിപ്പുകള്‍ വണങ്ങി പ്രാര്‍ഥിക്കുന്നതിനും സൗകര്യമുണ്ട്.
കണ്വന്ഷന് ദിവസങ്ങളില്‍ വിവിധ സ്ഥലങ്ങളിലേക്ക് ബസ് സര്‍വീസ് ഉണ്ടായിരിക്കും. രോഗികള്‍ക്കും കിടപ്പുരോഗികള്‍ക്കും പ്രായമായവര്‍ക്കും പ്രത്യേക ഇരിപ്പിടങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ദൂരസ്ഥലങ്ങളില്‍നിന്നു വരുന്നവര്‍ക്ക് താമസസൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫോൺ: 9495106954, 9847057126.