ജില്ലയിലെ ആദ്യ പോലീസ് കാന്റീനു പൂട്ട് വീണിട്ടു നാലു വർഷം
1538129
Sunday, March 30, 2025 11:42 PM IST
മുണ്ടക്കയം: ജില്ലയിലെ ആദ്യ പോലീസ് കാന്റീനായ മുണ്ടക്കയം പോലീസ് കാന്റീൻ അടച്ചുപൂട്ടിയിട്ടു നാലുവർഷം. 2020 ഫെബ്രുവരി അഞ്ചിനായിരുന്നു മുണ്ടക്കയം പോലീസിന്റെ നേതൃത്വത്തിൽ സ്റ്റേഷനോടനുബന്ധിച്ച് കാടുപിടിച്ചു കിടന്ന സ്ഥലം വെട്ടിത്തെളിച്ച് പുതിയ കെട്ടിടം നിർമിച്ച് പോലീസ് കാന്റീൻ ആരംഭിച്ചത്.
കൊട്ടാരക്കര-ദിണ്ടിഗൽ ദേശീയപാതയോട് ചേർന്ന് 1500 സ്ക്വയർ അടിയിൽ നിർമിച്ച കാന്റീനിൽ 75 പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാമായിരുന്നു. 150 പേർക്ക് ഇരിക്കാവുന്ന കോൺഫറൻസ് ഹാൾ മുകളിലെ നിലയിലും സജ്ജീകരിച്ചിരുന്നു. 32 ലക്ഷം രൂപ മുടക്കി പ്രവർത്തനം ആരംഭിച്ച കാന്റീനിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ ഉൾപ്പെടെ ആറംഗ സമിതിക്കായിരുന്നു പ്രവർത്തന ചുമതല.
പോലീസ് ഉദ്യോഗസ്ഥരുടെ സാമ്പത്തിക പങ്കാളിത്തത്തോടൊപ്പം നാട്ടിലെ സുമനസുകളുടെ അകമഴിഞ്ഞ സഹകരണത്തോടെയായിരുന്നു നാടിനുതന്നെ അഭിമാനമായ പോലീസ് കാന്റീൻ പ്രവർത്തനമാരംഭിച്ചത്. സാധാരണക്കാർക്ക് കുറഞ്ഞ വിലയിൽ ഗുണനിലവാരമുള്ള ഭക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു കാന്റീൻ പ്രവർത്തനമാരംഭിച്ചത്. പൊതുസമൂഹത്തിൽനിന്നു മികച്ച പിന്തുണയാണ് കാന്റീനു ലഭിച്ചത്. എന്നാൽ, പ്രവർത്തനം ആരംഭിച്ച് ഒരു വർഷം പിന്നിട്ട് 2021 മാർച്ചിൽ കാന്റീൻ അടച്ചുപൂട്ടി. ഇതിനായി നിർമിച്ച കെട്ടിടം ഇന്നു വെറുതേ കിടക്കുകയാണ്.
പ്രവർത്തനം നിലച്ച് നാലു വർഷത്തോടടുക്കുമ്പോൾ കാന്റീൻ സാധാരണക്കാർക്കുവേണ്ടി തുറന്നു കൊടുക്കണമെന്ന ആവശ്യം പൊതുസമൂഹത്തിൽനിന്ന് ഉയരുന്നുണ്ട്.