ഒ.വി. വിജയനെ കോട്ടയം മറന്നിട്ടില്ല
1538414
Monday, March 31, 2025 11:51 PM IST
കോട്ടയം: ഖസാക്കിന്റെ ഇതിഹാസകാരന് ഒ.വി. വിജയന് ഓര്‍മയായിട്ട് 20 വര്‍ഷം. ജീവിതസായാഹ്നത്തില്‍ കുറേക്കാലം കോട്ടയം അക്ഷരനഗരിയിലായിരുന്നു വിജയന്റെ ജീവിതം. എംജി സര്‍വകലാശാലയില്‍ ജോലി ചെയ്തിരുന്ന സഹോദരി ഒ.വി. ഉഷയുടെ പരിചരണത്തിലായിരുന്നു അക്കാലത്ത് ഒ.വി. വിജയന്. എസ്എച്ച് മൗണ്ടില്‍ റെയില്‍വേ ലൈനിനോടു ചേര്‍ന്ന വാടകവീട്ടില്‍ വിജയനൊപ്പം ഭാര്യ തെരേസയുമുണ്ടായിരുന്നു. പുസ്തക പ്രസാധകരും സാഹിത്യകാരന്മാരുമായുള്ള അടുപ്പവും വിജയന് കോട്ടയം ജീവിതം രസകരമാക്കി.
എസ്എച്ച് മൗണ്ടില്‍ എത്തുന്നതിനു മുന്‍പ് കോട്ടയം അഞ്ജലി ഹോട്ടലിലും ഹോംസ്റ്റഡിലും കുറെക്കാലം വിജയന് താമസിച്ചിരുന്നു. സാഹിത്യവും സംഗീതവും പുസ്തകചര്ച്ചയുമായി ഇവിടെ വ്യാപൃതനായി. അഞ്ജലി ഹോട്ടലില്‍ പതിവു മെനുവില്‍നിന്നു വ്യത്യസ്തമായി കഞ്ഞിയും പയറും ചമ്മന്തിയും പപ്പടവും ദോശയുമൊക്കെയായിരുന്നു വിജയന് ഇഷ്ടം.
ചില അടുപ്പക്കാര്‍ സൂര്യകാലടി മനയ്ക്കു സമീപം മീനച്ചിലാറിനോടു ചേര്‍ന്ന് ഒരു ഹട്ട് വിജയനു താമസിക്കാന്‍ നിര്‍മിച്ചു. ഇവിടെയും ഏതാനും നാള് വിജയന് താമസിച്ചിട്ടുണ്ട്. മമ്മൂട്ടിയും സഖറിയയും എം.വി. ദേവനും ആര്‍ട്ടിസ്റ്റ് നമ്പൂതിരിയും ഉള്‍പ്പെടെ പ്രമുഖര്‍ ഈ രണ്ടിടങ്ങളിലും വിജയനെക്കാണാന്‍ വന്നിരുന്നു.