കാട്ടുപന്നിയെ വെടിവച്ചു കൊന്നു; നാട്ടുകാർക്ക് ആശ്വാസം
1538419
Monday, March 31, 2025 11:51 PM IST
കൂരോപ്പട: ളാക്കാട്ടൂർ പ്രദേശത്തെ നാട്ടുകാർക്കും കർഷകർക്കും ഭീഷണിയായ കാട്ടുപന്നികളിലൊന്നിനെ വെടിവച്ചു കൊന്നു. പഞ്ചായത്തിലെ ഒന്ന്, രണ്ട്, പതിനേഴ് വാർഡുകളിലെ ജനങ്ങൾക്ക് ഏറെ ഭീഷണി സൃഷ്ടിക്കുകയും കാർഷികവിളകൾ വ്യാപകമായി നശിപ്പിക്കുകയും ചെയ്തിരുന്ന കാട്ടുപന്നിയെ ഇന്നലെ രാവിലെ രണ്ടാം വാർഡിലെ പാടത്താനി ഭാഗത്തുള്ള കൈത്തോട്ടിൽ സമീപവാസികൾ കണ്ടെത്തി.
വിവരം അറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി മാത്യു, പഞ്ചായത്ത് അംഗങ്ങളായ സന്ധ്യ ജി. നായർ, അനിൽ കൂരോപ്പട തുടങ്ങിയവർ സ്ഥലത്തെത്തുകയും ഫോറസ്റ്റ് അധികൃതരെ വിവരം അറിയിക്കുകയും ചെയ്തു. പന്നിയെ വെടിവച്ച് കൊല്ലുന്നതിന് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി മാത്യു ഉത്തരവിട്ടു.
ഫോറസ്റ്റ് വകുപ്പിന്റെ അംഗീകാരമുള്ള ഷൂട്ടർ സജോ വർഗീസ് എരുമേലിയിൽനിന്ന് എത്തി പന്നിയെ വെടിവയ്ക്കുകയായിരുന്നു. ളാക്കാട്ടൂർ പ്രദേശത്ത് കാട്ടുപന്നികളുടെയും കുറുക്കൻ, നരി എന്നിവയുടെയും വ്യാപകശല്യമാണ് നാട്ടുകാർ നേരിടുന്നതെന്ന് പഞ്ചായത്ത് അംഗം സന്ധ്യ ജി. നായർ പറഞ്ഞു.