നെല്ലുസംഭരണം എങ്ങുമെത്തുന്നില്ല; വീണ്ടും കിഴിവുകൊള്ള
1537762
Sunday, March 30, 2025 2:00 AM IST
കോട്ടയം: മില്ലുകാരുടെ മെല്ലെപ്പോക്കില്‍ നെഞ്ചു തകര്‍ന്ന് നെല്‍കര്‍ഷകര്‍. കുമരകം, തിരുവാര്‍പ്പ്, വൈക്കം, കുറിച്ചി, തലയാഴം, പരിപ്പ് പ്രദേശങ്ങളിലായി 200 ലോഡ് നെല്ല് പാടങ്ങളില്‍ കെട്ടിക്കിടക്കുന്നു. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചര്‍ച്ചയില്‍ നാലു ശതമാനം കിഴിവിന് നെല്ലെടുക്കാന്‍ ധാരണയായിരുന്നു. ഇന്നലെമുതല്‍ പത്ത് ശതമാനം കിഴിവാണ് മില്ലുകാര്‍ ആവശ്യപ്പെടുന്നത്.
വൈക്കം മേഖലയിലെ പാടങ്ങളില്‍ 12 ശതമാനം കിഴിവ് ചോദിച്ച മില്ലുകളുമുണ്ട്. വേനല്‍മഴ ശക്തിപ്പെടുന്ന സാഹചര്യത്തില്‍ കടുത്ത പ്രതിസന്ധിയാണ് കര്‍ഷകര്‍ നേരിടുന്നത്. നിലവില്‍ ഇരുപതില്‍ താഴെ മില്ലുകള്‍ മാത്രമേ കാര്യമായി നെല്ല് സംഭരിക്കുന്നുള്ളൂ.
ഉദയനാപുരം വാഴമന നോര്‍ത്ത് പാടശേഖരത്തിലും കണ്ടംകരി പാടശേഖരത്തിലും നെല്ല് കെട്ടിക്കിടക്കുകയാണ്. നിലവില്‍ അപ്പര്‍ കുട്ടനാട്ടില്‍ 35 ശതമാനം പാടങ്ങളില്‍ മാത്രമേ കൊയ്ത്ത് പൂര്‍ത്തിയായിട്ടുള്ളൂ. മഴ കനക്കുന്ന സാഹചര്യത്തില്‍ പുഞ്ചക്കൊയ്ത്ത് വന്‍പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. കായല്പാടങ്ങളില് നെല്ല് മഴയില്‍ വീണുപോകുന്ന സാഹചര്യമുണ്ട്.
തിരുവാര്‍പ്പ് കൃഷിഭവന് പരിധിയിലെ ചെങ്ങളം മാടേക്കാട് പാടശേഖരം, കുറിച്ചി മണ്ണങ്കര കുറിഞ്ഞിക്കാട്ട് പാടശേഖരം എന്നിവിടങ്ങളില്‍ കെട്ടിക്കിടന്ന നെല്ല് ഇന്നലെ വൈകുന്നേരത്തോടെ സംഭരിച്ചു.