കാസര്‍ഗോഡ് കുള്ളന്‍ ഇരട്ട കിടാരികള്‍ പിറന്നു
1508071
Friday, January 24, 2025 7:01 AM IST
കോട്ടയം: കാസര്‍ഗോഡ് കുള്ളന്‍ പശുവിന് ഇരട്ട പശുക്കുട്ടികള്‍ പിറന്നു. ഏറ്റുമാനൂര്‍ രത്നഗിരി മണ്ണാശേരി ജോമി ജോര്‍ജിന്റെ കാസര്‍കോഡ് കുള്ളനാണ് ബുധനാഴ്ച രാവിലെ ഇരട്ടക്കിടാക്കള് പിറന്നത്. പശുവിനെ മേയാനായി രത്നഗിരി സെന്റ് തോമസ് പള്ളി പുരയിടത്തില്‍ കെട്ടിയ സമയത്താണ് ഇരട്ടകള്‍ പിറന്നത്. അപൂര്‍വമായിട്ടാണു പശുക്കള്‍ക്ക് ഇരട്ടകള്‍ ജനിക്കാറുള്ളത്. ഇതില്‍ ഒരെണ്ണത്തിന് കറുപ്പു നിറവും മറ്റൊന്നിനു വെള്ളനിറവുമാണ്.
പശുവിന്റെ അഞ്ചാം പ്രസവമാണിത്. ജോമിക്കു മൂരി ഉള്‍പ്പെടെ ഒന്‍പതു കാസര്‍ഗോഡ് കുള്ളന്‍ ഗോക്കളാണുള്ളത്. ഇതിനു പുറമെയാണ് രണ്ടു കിടാക്കളെകൂടി കിട്ടിയിരിക്കുന്നത്. രണ്ടു പശുക്കള്‍ ചുവപ്പ് നിറത്തിലുള്ളതും ഏഴെണ്ണം കറുപ്പുമാണ്.
തൊഴുത്തില്‍ മൂരിയുള്ളതിനാല് കൃതിമ ബീജധാരണം ഒഴിവാക്കുന്നു. അളവ് കുറവാണെങ്കിലും പാലിന് ഗുണമേന്മ കൂടുതലുണ്ട്. ജോമിക്കു പഞ്ചഗവ്യ ചികിത്സയും നാടന്‍ ചാണകം ഉപയോഗിച്ചുള്ള കൃഷിയുമുണ്ട്. പഞ്ചഗവ്യ വിദ്യാപീഠത്തിന്റെ കീഴില്‍ ആലപ്പുഴ ഗാന്ധി സ്മാരക ഗ്രാമസഭാ കേന്ദ്രത്തില്‍ അധ്യാപകനുമാണ്.