ചേര്‍പ്പുങ്കല്‍ കോളജില്‍ ലോകോത്തര നിലവാരമുള്ള ബി-ഹബ് പ്രവര്‍ത്തനം ആരംഭിക്കുന്നു
1507852
Thursday, January 23, 2025 11:54 PM IST
പാലാ: ബിവിഎം ഹോളിക്രോസ് കോളജില്‍ വിദ്യാര്‍ഥികളുടെ തൊഴിലധിഷ്ഠിതമായ പരിശീലനത്തിനായി ബി-ഹബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നു. പ്രദേശത്തുള്ളവരുടെ നൈപുണ്യവികസന സെന്ററായി മാറുകയാണ് കോളജ്. ബംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബ്ലൂംബ്ലൂം എന്ന സ്ഥാപനത്തിന്റെ സഹകരണത്തോടെയാണ് ബി-ഹബ് പ്രവര്‍ത്തിക്കുന്നത്.
ലോകോത്തര നിലവാരമുള്ള സ്കില്ലിംഗ്, പ്രോജക്ട്, ഇന്റേണ്‍ഷിപ്, സ്റ്റാര്‍ട്ടപ്, എംപ്ലോയ്മെന്റ് ഹബ്ബാണ് ആരംഭിക്കുന്നത്. ഓരോ വിദ്യാര്‍ഥിക്കും തന്റെ കഴിവ് കണ്ടെത്താനും അതില്‍ വൈദഗ്ധ്യം നേടാനും അതില്‍ പരിശീലനം കൊടുക്കാനും തൊഴില്‍ നേടി സമ്പാദിക്കാനും ബി-ഹബ് കുട്ടികളെ സഹായിക്കും.
വ്യവസായ സ്ഥാപനങ്ങളെ കോളജില്‍ എത്തിക്കുക എന്നതാണ് ഇതിന്റെ ഒരു ലക്ഷ്യം. സിലബസില്‍ ഇല്ലാത്തതും എന്നാല്‍ ഓരോ സ്ഥാപനത്തിലും ജോലി ചെയ്യാന്‍ ആവശ്യവുമായ കാര്യങ്ങള്‍ പഠിക്കാനുള്ള ഇടമാണിത്. കൊളാബ്രേറ്റീവ് ലേണിംഗിനുള്ള സൗകര്യമുണ്ട്. പ്രായഭേദമെന്യേ ഏതു വിഷയവും ഒന്നിച്ചിരുന്നു പഠിക്കാം. വിദ്യാര്‍ഥികള്‍ക്ക് പ്രോജക്ട് ചെയ്യാനുള്ള സൗകര്യമുണ്ട്. സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാനുള്ള കൗണ്‍സലിംഗ് ലഭിക്കും. എല്ലാ മാസവും വിവിധ കമ്പനികളുടെ റിക്രൂട്ട്മെന്റ് നടത്തും.
ജോബ് അറ്റ് ഹോമിന് വീട്ടില്‍ അസൗകര്യമുള്ളവര്‍ക്ക് ഇവിടെ വന്നിരുന്നു ജോലി ചെയ്യാനുള്ള സൗകര്യം നല്‍കും. ഈ പ്രദേശത്തുള്ളവരും അറിയപ്പെടുന്നവരും എന്നാല്‍ പുറത്തു ജോലി ചെയ്യുന്നവരുമായ ആളുകള്‍ പാലായില്‍ വരുമ്പോള്‍ അവരുമായി സംവദിക്കാനുള്ള അവസരം വെന്‍ അറ്റ് പാലാ എന്ന പ്രോഗ്രാമിലൂടെ ലഭ്യമാക്കും. വിദ്യാര്‍ഥികള്‍ക്ക് മാത്രമല്ല പുറത്തുനിന്നുള്ളവര്‍ക്കും പ്രായഭേദമില്ലാതെ ഇവിടെ നടുക്കുന്ന വിവിധ വിഷയങ്ങളിലുള്ള കോഴ്സുകളില്‍ പങ്കുചേരാം. ഫെബ്രുവരിയില്‍ 20 പ്രോഗ്രാമുകള്‍ നടത്തുന്നുണ്ട്.
ബി-ഹബ് കോ-വര്‍ക്കിംഗ്, കോ-ലേര്‍ണിംഗ് ഹബ്ബാണ്. കമ്പനികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഫ്രീലാന്‍സര്‍മാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഒരു പോലെ ഉപയോഗിക്കാന്‍ പാകത്തിനാണ് ബി-ഹബ് രൂപകല്പന ചെയ്തിരിക്കുന്നത്. കുട്ടികള്‍ക്ക് പ്രോജക്ട് ചെയ്യാന്‍, ഇന്റേണ്‍ഷിപ് ചെയ്യാന്‍, നൈപുണ്യ വികസനം, പ്രാക്ടിക്കല്‍ എക്സ്പീരിയന്‍സ് വികസിപ്പിക്കാന്‍, പഠനം കഴിഞ്ഞും ജോലി ചെയ്യാനും സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാനുമുള്ള സൗകര്യം ഒരുക്കാനും ബി-ഹബ് വഴി സാധിക്കും. വിവിധ കമ്പനികളുമായും പാലായിലെയും പരിസര പ്രദേശങ്ങളിലെയും വിദ്യാലയങ്ങളുമായും സഹകരിച്ചാവും പ്രവര്‍ത്തനമെന്ന് പ്രിന്‍സിപ്പല്‍ ഫാ. സെബാസ്റ്റ്യന്‍ തോണിക്കുഴി, ബ്ലൂംബ്ലൂം ഫൗണ്ടറും സിഇഒയുമായ ആര്. അഭിലാഷ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.