കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിക്ക് അഭിമാനമുഹൂര്‍ത്തം
1508080
Friday, January 24, 2025 7:21 AM IST
കടുത്തുരുത്തി: സീറോ മലബാര്‍ സഭയുടെ ആതിഥേയത്വത്തില്‍ കെസിബിസി എക്യുമെനിക്കല്‍ കമ്മീഷന്റെയും കെസിസിയുടെയും നേതൃത്വത്തില്‍ നടന്ന സഭൈക്യ പ്രാര്‍ഥനകള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ ലഭിച്ച അവസരം പാലാ രൂപതയ്ക്ക് പ്രത്യേകിച്ചു കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിക്ക് അഭിമാന മുഹൂര്‍ത്തം.
രൂപതയ്ക്കും ഇടവകയ്ക്കും സഭാചരിത്രത്തില്‍ ഒരിക്കല്‍ കൂടി ഇടം നേടാന്‍ ലഭിച്ച അവസരമായി ഇന്നലെ നടന്ന സഭൈക്യ പ്രാര്‍ത്ഥനകളും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഉള്‍പ്പെടെയുള്ള ബിഷപ്പുമാരുടെ ഇടവകയിലേക്കുള്ള സന്ദര്‍ശനവും.
പ്രാര്‍ഥനകള്‍ക്കായി ദേവാലയത്തിലെത്തിയ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, സീറോ മലബാര്‍ സഭാ എക്യുമെനിക്കല്‍ കമ്മീഷന് ചെയര്‍മാനും പാലാ രൂപതാധ്യക്ഷനുമായ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉള്‍പ്പെടെയുള്ള ബിഷപ്പുമാരെ ഫൊറോനാ വികാരി ഫാ. മാത്യു ചന്ദ്രന്‍കുന്നേലിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.
ഇടവകയിലെ ദര്‍ശന സമൂഹം, കൈക്കാരന്മാര്, പള്ളി കമ്മിറ്റിയംഗങ്ങള്‍, വിവിധ സംഘടനകള്‍, സൺഡേ സ്കൂള്‍ പ്രതിനിധികള്‍, ഇടവകാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
എകെസിസി പാലാ രൂപത ഡയറക്ടര്‍ റവ.ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, സമീപത്തെ ഫൊറോനാ വികാരിമാരായ ഫാ. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍, ഫാ. സെബാസ്റ്റ്യന്‍ പടിക്കക്കുഴുപ്പില്‍, ഫാ. സൈറസ് വേലംപറമ്പില്‍, ഫാ. ജോസ് നെല്ലിക്കത്തെരുവില്‍, റവ.ഡോ. അലക്സ് പണ്ടാരക്കാപ്പില്‍, ഫാ. ടൈറ്റസ് തട്ടാമറ്റം തുടങ്ങി നിരവധി വൈദികരും, മോന്‍സ് ജോസഫ് എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും പരിപാടിയില്‍ പങ്കെടുത്തു.
എക്യുമെനിക്കല്‍ കമ്മീഷന് സെക്രട്ടറി ഫാ. സിറിൾ തോമസ് തയ്യില്‍, സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളി വികാരി ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍, സഹവികാരിമാരായ ഫാ. മാത്യു തയ്യില്‍, ഫാ. ജോസഫ് ചീനോത്തുപറമ്പില്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.