ആഘോഷ നിറവിൽ അതിരമ്പുഴ; ഇന്ന് നഗരപ്രദക്ഷിണം
1507838
Thursday, January 23, 2025 11:53 PM IST
അതിരമ്പുഴ: അതിരമ്പുഴ തിരുനാൾ ആഘോഷ നിറവിലേക്ക്. പ്രധാന തിരുനാൾ ആഘോഷങ്ങൾ ഇന്നും നാളെയും. ഇന്ന് നഗരപ്രദക്ഷിണം. നാളെ 22 വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ സംവഹിക്കപ്പെടുന്ന തിരുനാൾ പ്രദക്ഷിണവും വിഖ്യാതമായ അതിരമ്പുഴ വെടിക്കെട്ടും.
പ്രൗഢഗംഭീരവും ഭക്തിനിർഭരവുമായ നഗര പ്രദക്ഷിണത്തിന് അതിരമ്പുഴ അണിഞ്ഞൊരുങ്ങി. കൊടിതോരണങ്ങളാലും വൈദ്യുത ദീപങ്ങളാലും അലംകൃതമായ നഗരവീഥികളിലൂടെയാകും നഗരപ്രദക്ഷിണം കടന്നുപോകുന്നത്. വൈകുന്നേരം ആറിന് വലിയപള്ളിയിൽനിന്ന് പ്രദക്ഷിണം ആരംഭിക്കും.
പ്രദക്ഷിണത്തിന്റെ ഏറ്റവും മുന്നിൽ 101 പൊൻകുരിശുകൾ. പിന്നാലെ പൗരാണിക അകമ്പടിക്കൂട്ടങ്ങളായ ആലവട്ടം, വെഞ്ചാമരം, തഴക്കുട, ചുരുട്ടി തുടങ്ങിയവയും നൂറുകണക്കിന് മുത്തുക്കുടകളും. പഞ്ചവാദ്യവും ചെണ്ടമേളങ്ങളും ബാൻഡ് സെറ്റുകളും പ്രദക്ഷിണത്തിന് അകമ്പടിയേകും. ഇടവക മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ അന്തോണീസിന്റെയും തിരുസ്വരൂപങ്ങൾ പ്രദക്ഷിണത്തിൽ സംവഹിക്കപ്പെടും.
6.30ന് പ്രദക്ഷിണം ചന്തക്കുളത്തിനു സമീപം എത്തുമ്പോൾ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുസ്വരൂപം മാന്നാനം കരക്കാരിൽനിന്ന് ചന്തക്കടവിലെ ചുമട്ടുതൊഴിലാളികൾ ഏറ്റുവാങ്ങും. ചന്തക്കുളത്തിനു സമീപം പെണ്ണാർ തോടിനു കുറുകെ നിർമിച്ച താത്കാലിക പാലത്തിലൂടെ മറുകരയിലെത്തുമ്പോഴേക്കും ചന്തക്കടവും ടൗൺ കപ്പേളയും പരിസരവും വൈദ്യുത ദീപങ്ങളുടെ വർണപ്രഭയിലായിരിക്കും. ചന്തക്കുളം ചുറ്റി പ്രദക്ഷിണം ടൗൺ കപ്പേളയിൽ എത്തിച്ചേരും. അവിടെ പ്രദക്ഷിണത്തിന് പൗരാവലിയുടെ വരവേൽപ്.
ടൗൺ കപ്പേളയിൽ ലദീഞ്ഞിനു ശേഷം വികാരി റവ.ഡോ. ജോസഫ് മുണ്ടകത്തിൽ സന്ദേശം നൽകും. 7.30ന് പുനരാരംഭിക്കുന്ന പ്രദക്ഷിണം ടൗൺ ജംഗ്ഷനിലെ താത്കാലിക പന്തലിൽ എത്തുമ്പോൾ ചുമട്ടുതൊഴിലാളികൾ തിരുസ്വരൂപം തിരികെ കൈമാറും. അവിടംമുതൽ പ്രദക്ഷിണത്തിന് പൗരാണിക അകമ്പടിക്കൂട്ടങ്ങളിൽ പെടുന്ന തീവെട്ടികൾ വഴി തെളിക്കും. അതിരമ്പുഴയുടെ പ്രധാന വീഥിയിലൂടെ പ്രദക്ഷിണം ചെറിയപള്ളിയിലേക്ക് നീങ്ങും.
7.45ന് വലിയ പള്ളിയിൽനിന്ന് രണ്ടാമത്തെ പ്രദക്ഷിണം ആരംഭിക്കും. പ്രദക്ഷിണത്തിൽ ഉണ്ണീശോയുടെ തിരുസ്വരൂപം സംവഹിക്കപ്പെടും. 8.15ന് ഇരുപ്രദക്ഷിണങ്ങളും ചെറിയപള്ളിക്ക് മുമ്പിൽ സംഗമിക്കും. നയനമനോഹരവും ഭക്തിനിർഭരവുമായ പ്രദക്ഷിണസംഗമം കാണാൻ ആയിരങ്ങൾ കാത്തുനിൽക്കുന്നുണ്ടാകും. സംയുക്ത പ്രദക്ഷിണം ചെറിയപള്ളി ചുറ്റി ചെറിയപള്ളിയിൽ പ്രതിഷ്ഠിച്ചിരിക്കുന്ന വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപവുമായി വലിയപള്ളിയിലേക്ക് നീങ്ങും. 9.15ന് വലിയപള്ളിയിൽ പ്രദക്ഷിണം സമാപിക്കും.
നാളെ രാവിലെ 10.30ന് ബിഷപ് മാർ ജേക്കബ് മുരിക്കൻ റാസ കുർബാന അർപ്പിക്കും. വൈകുന്നേരം 5.30ന് ഭക്തിനിർഭരവും വർണശബളവുമായ തിരുനാൾ പ്രദക്ഷിണം ആരംഭിക്കും. 22 വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ സംവഹിക്കപ്പെടുന്ന തിരുനാൾ പ്രദക്ഷിണത്തിന് ആലവട്ടം, വെഞ്ചാമരം, ചുരുട്ടി, തഴക്കുട, മുത്തുക്കുടകൾ, വിവിധ വാദ്യമേളങ്ങൾ തുടങ്ങിയവ അകമ്പടിയേകും. വലിയപള്ളിയിൽ നിന്ന് ആരംഭിച്ച് ചെറിയപള്ളി ചുറ്റി തിരികെ വലിയപള്ളിയിലെത്തി 7.45ന് പ്രദക്ഷിണം സമാപിക്കും.
എട്ടിന് പ്രശസ്തമായ അതിരമ്പുഴ വെടിക്കെട്ട് ആരംഭിക്കും. നിലവിലുള്ള നിയമങ്ങൾക്ക് വിധേയമായി നടക്കുന്ന വെടിക്കെട്ട് ഒരു മണിക്കൂർ നീളും.
വഞ്ചിനാടിന് ഏറ്റുമാനൂരിൽ
താത്കാലിക സ്റ്റോപ്പ്
കോട്ടയം: അതിരമ്പുഴ പള്ളി തിരുനാൾ പ്രമാണിച്ച് എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസിന് (16303/ 16304) ഏറ്റുമാനൂർ സ്റ്റേഷനിൽ ഇന്നും നാളെയും ഒരു മിനിറ്റ് താത്കാലിക സ്റ്റോപ്പ് അനുവദിച്ചതായി തിരുവനന്തപുരം റെയിൽവേ ഡിവിഷൻ അധികൃതർ അറിയിച്ചു.