അതിരമ്പുഴയിലേക്ക് ജനസഹസ്രങ്ങൾ ഒഴുകിയെത്തും
1507839
Thursday, January 23, 2025 11:53 PM IST
അതിരമ്പുഴ: പ്രൗഢിയും ഭക്തിയും ഇഴചേരുന്ന പ്രദക്ഷിണങ്ങൾ. സിരകളെ ത്രസിപ്പിക്കുന്ന വെടിക്കെട്ട്, വൈദ്യുത ദീപപ്രഭയിൽ തിളങ്ങുന്ന പള്ളിയും പരിസരവും ചന്തക്കുളവും, കമനീയമായി അലങ്കരിച്ച പ്രദക്ഷിണ വീഥികൾ; ഇന്നും നാളെയും അതിരമ്പുഴ പകരുന്ന ആനന്ദവും ആവേശവും ഏറ്റുവാങ്ങാൻ ഒഴുകിയെത്തുന്നത് ജനസഹസ്രങ്ങൾ.
പുരാതന വാണിജ്യ കേന്ദ്രമായിരുന്ന അതിരമ്പുഴയുടെ പ്രതാപകാലത്ത് ആരംഭിച്ച നഗരപ്രദക്ഷിണത്തിന്റെ പ്രൗഢിക്കും ഭംഗിക്കും ഇന്നും ഒരു കുറവുമില്ല. പ്രൗഢഗംഭീരവും ആചാര സമ്പന്നവുമാണ് നഗരപ്രദക്ഷിണം.
പഴയ മാർത്തോമ്മാ നസ്രാണികൾക്ക് അനുവദിച്ചു ലഭിച്ചിരുന്ന 71 പദവികളിൽ പെടുന്ന തീവെട്ടി, തഴക്കുട, ചുരുട്ടി, ആലവട്ടം, വെഞ്ചാമരം തുടങ്ങിയ അകമ്പടിക്കൂട്ടങ്ങൾ നഗര പ്രദക്ഷിണത്തിനും തിരുനാൾ പ്രദക്ഷിണത്തിനും അകമ്പടിയേകും.
തിരുനാളിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നായ വൈദ്യുത ദീപാലങ്കാരങ്ങൾ നയനമനോഹരമാകും. പള്ളി പരിസരത്തെയും ചന്തക്കടവിലെയും വൈദ്യുത ദീപാലങ്കാരങ്ങൾ കാണാൻ ആയിരങ്ങൾ എത്തും
.
ചരിത്രമുറങ്ങുന്ന ചന്തക്കടവ്
ഒട്ടേറെ ചരിത്രസംഭവങ്ങൾക്കു സാക്ഷ്യം വഹിച്ചിട്ടുള്ള അതിരമ്പുഴ ചന്തക്കടവ് അതിരമ്പുഴ തിരുനാളിന്റെ ഒഴിവാക്കാനാകാത്ത ഭാഗമാണ്. സഭാചരിത്രത്തിലെ നിർണായക സംഭവമായ ജോസഫ് കരിയാറ്റി മല്പാന്റെയും പാറേമ്മാക്കൽ തോമ്മാ കത്തനാരുടെയും ലിസ്ബൺ - റോമാ യാത്ര ആരംഭിക്കുന്നത് അതിരമ്പുഴ ചന്തക്കടവിൽ നിന്നാണ്. ഇവിടെനിന്നും അവരെ പെണ്ണാർതോട്ടിലൂടെ വേമ്പനാട് കായൽവഴി കായംകുളംവരെ വള്ളത്തിൽ എത്തിച്ചത് അതിരമ്പുഴ ഇടവകാംഗങ്ങളാണ്.
വിശുദ്ധ ചാവറയച്ചൻ മാന്നാനം ആശ്രമ സ്ഥാപന കാലഘട്ടത്തിൽ പതിവായി അതിരമ്പുഴ ചന്തക്കടവിൽ എത്തുകയും ഇവിടെനിന്ന് മടങ്ങുകയും ചെയ്യുമായിരുന്നു.
തുടക്കം വള്ളങ്ങളിലെ
വർണവിളക്കുകളിൽ നിന്ന്
തിരുനാളിനോടനുബന്ധിച്ച് ചന്തക്കടവിൽ നടത്തുന്ന വിപുലമായ അലങ്കാരങ്ങൾക്കും ചരിത്ര പശ്ചാത്തലമുണ്ട്. മധ്യതിരുവിതാംകൂറിലെ പ്രമുഖ വാണിജ്യ കേന്ദ്രമായിരുന്ന അതിരമ്പുഴ മാർക്കറ്റിലേക്ക് കൊല്ലം, കായംകുളം, ആലപ്പുഴ, കൊച്ചി തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് നൂറു കണക്കിന് കെട്ടുവള്ളങ്ങൾ എത്തുമായിരുന്നു.
തിരുനാൾ ദിവസം രാത്രിയിൽ പെണ്ണാർ തോട്ടിൽ നിരനിരയായി കിടക്കുന്ന വള്ളങ്ങളിൽ വർണവിളക്കുകൾ സ്ഥാപിച്ചിരിക്കുന്നത് നയനമനോഹരമായ കാഴ്ചയായിരുന്നു.
അതിരമ്പുഴ മാർക്കറ്റിന്റെ പ്രതാപം നഷ്ടപ്പെടുകയും വള്ളങ്ങൾ വരാതാകുകയും ചെയ്തതോട ഈ അലങ്കാരവും ഇല്ലാതായി. ഈ ഘട്ടത്തിൽ മാർക്കറ്റിലെ തൊഴിലാളികൾ ചന്തക്കടവിലെ അലങ്കാരം ഏറ്റെടുത്തു.
ക്രമേണ വിളക്കുകൾക്കു പകരം വൈദ്യുത ദീപങ്ങളായി. അലങ്കാരത്തിന് ദൃശ്യഭംഗിയേറി. ഇന്നും തൊഴിലാളികൾ ഈ അലങ്കാരം തുടരുന്നു.
പള്ളി മൈതാനത്തെ
ദീപക്കാഴ്ച
വൈദ്യുത ദീപങ്ങൾ എത്തും മുമ്പും വർണവിളക്കുകളിലൂടെ മായാപ്രപഞ്ചം സൃഷ്ടിച്ചവരാണ് പൂർവികർ. പള്ളിമൈതാനത്ത് തൂണുകൾ നാട്ടി മുളകൊണ്ടുള്ള വളയങ്ങൾ തൂണുകളിൽ ബന്ധിച്ച് ഇവയിൽ വർണക്കടലാണ് പൊതിഞ്ഞ വിളക്കുകൾ സ്ഥാപിച്ചായിരുന്നു ദീപക്കാഴ്ച ഒരുക്കിയിരുന്നത്. ഇന്നിപ്പോൾ വൈദ്യുത ദീപാലങ്കാരത്തിന്റെ നൂതന സങ്കേതങ്ങളിലൂടെ അതിരമ്പുഴ മായിക പ്രപഞ്ചമായി മാറും.