കടുത്തുരുത്തി-പിറവം റോഡ് പുനരുദ്ധാരണം: നടപടി ഉടനെന്ന് മന്ത്രി റിയാസ്
1507784
Thursday, January 23, 2025 7:01 AM IST
കടുത്തുരുത്തി: കടുത്തുരുത്തി-പിറവം റോഡില്‍ വാട്ടര്‍ അഥോറിറ്റിക്ക് പൈപ്പ് ഇടുന്നതിനായി പൊതുമരാമത്ത് വകുപ്പ് വിട്ടുകൊടുത്ത കടുത്തുരുത്തി മുതല്‍ അറുനൂറ്റിമംഗലം വരെയുള്ള റോഡ് ഭാഗം റീ ടാറിംഗ് നടത്തി പുനരുദ്ധരിക്കുന്നതിന് ആവശ്യമായ അനുമതിയും തുടര്‍നടപടികളും സര്‍ക്കാര്‍ എത്രയും വേഗം സ്വീകരിക്കു മെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയില്‍ അറിയിച്ചു.
കടുത്തുരുത്തി മണ്ഡലത്തിലെ പ്രധാനപ്പെട്ട റോഡുകള്‍ തകര്‍ന്ന് കിടക്കുന്നതുമൂലം ജനങ്ങള്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ ചൂണ്ടിക്കാണിച്ചു മോന്‍സ് ജോസഫ് എംഎല്‍എ നിയമസഭയില്‍ ഉന്നയിച്ച സബ്മിഷനു മറുപടി പറയുകയായിരുന്നു മന്ത്രി.
കടുത്തുരുത്തി-പെരുവ-പിറവം-പെരുവാമൂഴി റോഡ്, കീഴൂര്‍-അറുനൂറ്റിമംഗലം-ഞീഴൂര്‍ റോഡ്, മുട്ടുചിറ-വാലാച്ചിറ-അയാംകുടി-എഴുമാന്തുരുത്ത്-വടയാര്‍ റോഡ്, മുളക്കുളം-വെള്ളൂര്‍, വെട്ടിക്കാട്ടുമുക്ക്-തലയോലപ്പറമ്പ് റോഡ് എന്നിവയിലുണ്ടായിരിക്കുന്ന നിര്‍മാണ പ്രതിസന്ധി സര്‍ക്കാര്‍ തലത്തില്‍ പരിഹരിക്കുന്നതു സംബന്ധിച്ചാണ് മോന്‍സ് ജോസഫ് സബ് മിഷന് ഉന്നയിച്ചത്.