മാലാഖമാരുടെ ഉത്സവത്തിന് നാടിന്റെ വരവേൽപ്പ്
1507841
Thursday, January 23, 2025 11:53 PM IST
പൊൻകുന്നം: മാലാഖമാരുടെ ഉത്സവത്തിന് നാടിന്റെ വരവേൽപ്പ്. ബൗദ്ധിക വെല്ലുവിളികൾ നേരിടുന്നവരുടെ സർഗാത്മകതയും ക്രിയാശേഷിയും പ്രദർശിപ്പിക്കുന്നതിന് സംസ്ഥാനതലത്തിൽ നടക്കുന്ന ഭിന്നശേഷി മികവുത്സവം-സദ്ഗമയ-25 എയ്ഞ്ചൽസ് എബിലിറ്റി ഫെസ്റ്റിന് ചെങ്കൽ 19ാം മൈൽ എയ്ഞ്ചൽസ് വില്ലേജിൽ തുടക്കമായി. ഭിന്നശേഷിക്കാരായ കുട്ടികളുടെ ജനനം മുതൽ പരിചരണം വരെ വിവിധ കാലഘട്ടങ്ങളിലൂടെയുള്ള ജീവിതത്തെ ചിത്രങ്ങളിലൂടെയും സിമ്പോസിയങ്ങളിലൂടെയും സദ്ഗമയ എക്സ്പോയിൽ വിശദമാക്കുന്നുണ്ട്.
പതാക ഉയർത്തലും എക്സിബിഷൻ ഉദ്ഘാടനവും ജില്ലാ കളക്ടർ ജോൺ വി. സാമുവൽ നിർവഹിച്ചു. കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ അധ്യക്ഷത വഹിച്ചു. കോട്ടയം ബിസിഎം കോളജ് ജനറൽ സെക്രട്ടറി ഡോ. ഐപ്പ് വർഗീസ് മുഖ്യപ്രഭാഷണം നടത്തി. കുട്ടിക്കാനം മരിയൻ കോളജ് സോഷ്യൽ വർക്ക് ഡയറക്ടർ ഡോ. സിബി ജോസഫ്, എയ്ഞ്ചൽസ് വില്ലേജ് ഡയറക്ടർ ഫാ. റോയി മാത്യു വടക്കേൽ, പ്രിൻസിപ്പൽ സിസ്റ്റർ ലിറ്റി സേവ്യർ എസ്സിജെജി, കുട്ടിക്കാനം മരിയൻ കോളജ് വൈസ് പ്രിൻസിപ്പൽ ജോബി സിറിയക്, ജിയോ മാർട്ടിൻ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് ഏകദിന ദേശീയ ഭിന്നശേഷി സെമിനാർ നടത്തി.
സ്നേഹദീപമേ മിഴിതുറക്കൂ... മന്ത്രിയുടെ പാട്ടോടെ
നക്ഷത്രസന്ധ്യക്കു തുടക്കമായി
പൊൻകുന്നം: ലോകം മുഴുവൻ സുഖം പകരാനായി സ്നേഹദീപമേ മിഴിതുറക്കൂ... മനോഹരമായ ഈ പാട്ടുപാടിയാണ് ഭിന്നശേഷി മികവുത്സവം സദ്ഗമയ 25 എയ്ഞ്ചൽസ് എബിലിറ്റി ഫെസ്റ്റിലെ കലാപരിപാടിയായ നക്ഷത്രസന്ധ്യ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തത്. നിയമസഭാ സമ്മേളനം കഴിഞ്ഞ് എയ്ഞ്ചൽസ് വില്ലേജിൽ എത്തിയപ്പോഴേക്കും രാത്രി വൈകിയതു കൊണ്ടാണു പ്രസംഗം ദീർഘിപ്പിക്കാതെ പാട്ടുപാടിയത്.
ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് അധ്യക്ഷത വഹിച്ചു. വാഴൂർ സോമൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. ചലച്ചിത്ര നിർമാതാവ് ലിസി ഫെർണാണ്ടസ് മുഖ്യാതിഥിയായിരുന്നു. എയ്ഞ്ചൽസ് വില്ലേജ് ഡയറക്ടർ ഫാ. റോയി മാത്യു വടക്കേൽ, പ്രിൻസിപ്പൽ സിസ്റ്റർ ലിറ്റി സേവ്യർ എസ്സിജെജി, എഐഡി വൈസ് ചെയർമാൻ ബ്രഹ്മനായക മഹാദേവൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് മ്യൂസിക് ഈവ്, ശ്രവണ പരിമിതരുടെ നൃത്തം, ഹ്രസ്വകായരായവരുടെ കലാപരിപാടികൾ എന്നിവ നടത്തി. ഇന്ന് രാവിലെ 9.30 മുതൽ രാത്രി ഏഴുവരെ എക്സ്പോ പ്രദർശനവും രാത്രിയിൽ നക്ഷത്രസന്ധ്യയും ഉണ്ടായിരിക്കും.