പോളയും പായലും പുല്ലും വളർന്നുതിങ്ങി കരിയാറിലെ നീരൊഴുക്ക് തടസപ്പെടുന്നു
1508079
Friday, January 24, 2025 7:21 AM IST
വൈക്കം: കരിയാറിലെ നീരൊഴുക്കു സുഗമമാക്കാൻ ആറ്റിലെ ഒഴുക്കു തടസപ്പെടുത്തുന്ന പോളയും പായലും ജലസസ്യങ്ങളും നീക്കി ആഴം കൂട്ടണമെന്ന ആവശ്യം ശക്തമായി. എഴുമാംതുരുത്തു മുതൽ കരിയാർ വേമ്പനാട്ടുകായലിൽ സംഗമിക്കുന്ന കരിയാർ സ്പിൽവേ വരെ കരിയാറിൽ ആമ്പലടക്കമുള്ള ജലസസ്യങ്ങളും പോളയും പായലും നിറഞ്ഞിരിക്കുകയാണ്.
തോട്ടകം സെന്റ് ഗ്രിഗോറിയോസ് പള്ളിക്ക് സമീപം കരിയാറിന്റെ പടിഞ്ഞാറു ഭാഗത്ത് പുല്ലും പായലും പോളയും വളർന്നു തിങ്ങി മീതെ നടന്നു പോകാവുന്ന സ്ഥിതിയിലാണ്. ജലം മലിനപ്പെട്ട് പ്രദേശവാസികളുടെ ജീവിതവും ദുരിതപൂർണമായി.
ജനങ്ങളുടെ നിരന്തര ആവശ്യത്തെ തുടർന്ന് നീരൊഴുക്കു പുനഃസ്ഥാപിക്കാനായി 12 മീറ്റർ വീതിയിൽ പാലം നിർമിക്കുകയായിരുന്നു. പാലം നിർമിച്ചതോടെ നീരൊഴുക്കു സാധ്യമായി മലിനീകരണം ഒരു പരിധിവരെ കുറഞ്ഞു. നൂറുമീറ്ററിലധികം വീതിയുള്ള കരിയാർ പൂർണമായി ഒഴുകാത്തതിനാൽ ജലസമൃദ്ധമായ കരിയാറിന്റെ സജീവത നഷ്ടമായിരിക്കുകയാണ്.
വേമ്പനാട്ടുകായലിൽ സംഗമിക്കുന്ന കരിയാർ മൽസ്യങ്ങളുടെ കലവറയാണ്. ചെറുവള്ളങ്ങൾപോലും കടന്നുപോകാൻ കഴിയാത്ത വിധം കരിയാർ നികന്ന നിലയിലാണ് നിലവിൽ. കരിയാർ പൂർണ തോതിൽ ഒഴുകിയാൽ കരിയാറിനെ ആശ്രയിച്ചു മൽസ്യ ബന്ധനം നടത്തി ഉപജീവനം നടത്തുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കും വിനോദ സഞ്ചാര വികസനത്തിനും ഉപകാരപ്രദമാകും.