പെരുന്പാമ്പ് ഭീതിയിൽ വൈക്കത്ത് രണ്ട് കുടുംബങ്ങൾ
1507786
Thursday, January 23, 2025 7:11 AM IST
വൈക്കം: പെരുന്പാമ്പ് പേടിയിൽ ഉറക്കമിളച്ച് വൈക്കത്ത് രണ്ടു കുടുംബങ്ങൾ. വൈക്കം കിഴക്കേനട ദളവാക്കുളം ബസ് ടെർമിനലിന് സമീപം ഭിന്നശേഷിക്കാരനായ പണ്ടാരച്ചിറ വേണുഗോപാലിന്റെയും സഹോദരൻ അയ്യപ്പന്റെയും കുടുംബങ്ങളാണ് വീടിനോടു ചേർന്നുള്ള പെരിഞ്ചില തോട്ടിൽ വിഹരിക്കുന്ന പെരുന്പാമ്പിനെ പേടിച്ച് ഉറക്കമൊഴിക്കുന്നത്. ഏതാനും ദിവസങ്ങളായി 10 അടിയോളം നീളമുള്ള പെരുന്പാമ്പ് പ്രദേശവാസികളെ ഭീതിയിലാക്കുകയാണ്.
വീടുകളിലെ മുയൽ, കോഴികൾ തുടങ്ങിയവയെ പെരുന്പാമ്പ് പിടിച്ചു തിന്നു. രാവിലെയും വൈകുന്നേരവും ഇരപിടിക്കാനിറങ്ങുന്ന പെരുന്പാമ്പ് കാടുപിടിച്ച തോട്ടരികിലെ മാളത്തിലേക്കാണ് കയറി പോകുന്നത്. കുട്ടികളും വയോധികരുമുള്ള വീട്ടിലേക്ക് പെരുന്പാമ്പ് കയറി വരുമോയെന്ന ഭീതിയിലാണ് കുടുംബങ്ങൾ.
ഫയർഫോഴ്സിനെയും വനം വകുപ്പ് അധികൃതരെയും വിവരമറിച്ച് ചിത്രവും അയച്ചുനൽകി. വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി പെരുന്പാമ്പിനെ പിടികൂടി തങ്ങളുടെ ആശങ്ക മാറ്റുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് പ്രദേശവാസികൾ.