ക്ഷീരമേഖലയില്‍ ജില്ലയുടെ അഭിമാനമായ ബിജുമോനും ഭാര്യയും ഡല്‍ഹിയിലേക്ക്
1507842
Thursday, January 23, 2025 11:53 PM IST
കോട്ടയം: ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ അതിഥികളായി പങ്കെടുക്കുന്ന മൂന്നു ക്ഷീരകര്‍ഷകരില്‍ ഒരാള്‍ കോട്ടയം ജില്ലക്കാരന്. ക്ഷീരമേഖലയില്‍ ഇതിനോടകം വിജയഗാഥ രചിച്ച കുറവിലങ്ങാട് കോഴ വട്ടമുകളേല്‍ ഡയറി ഫാം ഉടമ ബിജുമോന് തോമസും ഭാര്യ ഷൈനിയുമാണ് റിപ്പബ്ലിക് ദിന പരേഡില്‍ ഇന്ദ്രപ്രസ്ഥത്തില്‍ അതിഥികളായി പങ്കെടുക്കുന്നത്. സംസ്ഥാനത്തുനിന്നും ഡല്‍ഹിയിലേക്കു പുറപ്പെടുന്ന 40 പേരടങ്ങുന്ന സംഘത്തില്‍ ക്ഷീരമേഖലയില്‍നിന്ന് ഏഴു പേരാണുള്ളത്.
ഇതില്‍ നാലു പേര് കെഎല്‍ഡി ബോര്‍ഡിന്റെ ഉദ്യോഗസ്ഥരാണ്. ബാക്കിയുള്ള മൂന്നു പേര് ഇടുക്കി, വയനാട്, കോട്ടയം ജില്ലകളില്‍നിന്നുള്ള ഓരോ ക്ഷീരകര്‍ഷകരുമാണ്. തെരഞ്ഞെടുക്കപ്പെട്ട ക്ഷീരകര്‍ഷകര്‍ക്കും അവരുടെ ഭാര്യമാര്‍ക്കും ഡല്‍ഹിയില്‍ ക്ഷണിക്കപ്പെട്ട അതിഥികളായി ചടങ്ങില്‍ പങ്കെടുക്കാം. ഇവര്‍ക്കു പുറമെ സമൂഹത്തിലെ വ്യത്യസ്ത മേഖലകളില്‍പ്പെട്ട വിവിധങ്ങളായ അവാര്‍ഡ് ലഭിച്ചവരായ വ്യക്തികളുമാണ് 40 പേരടങ്ങുന്ന സംഘത്തിലുള്ളത്. സംഘത്തില്‍ ഉള്‍പ്പെട്ടവര്‍ ഇന്നു പുലര്‍ച്ചെ അഞ്ചിനു നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നു ഡല്‍ഹിയിലേക്കു പുറപ്പെട്ടു.
മാസങ്ങള്‍ക്കു മുമ്പുതന്നെ പോലീസും ബന്ധപ്പെട്ട അധികൃതരും ബിജുമോന്റെ വീട്ടിലെത്തി അവരുടെ ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള വിവരങ്ങളും ശേഖരിച്ചിരുന്നു. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് റിപ്പബ്ലിക് ദിന പരേഡില്‍ അതിഥികളായി പങ്കെടുക്കാനായി തെരഞ്ഞെടുത്തിരിക്കുന്ന വിവരം കെഎല്‍ഡി ബോര്‍ഡ് അധികൃതര്‍ ബിജുമോനെ അറിയിക്കുന്നത്.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ പാല് അളക്കുന്ന ക്ഷീരകര്ഷനാണ് ബിജു. കഴിഞ്ഞ നാലു തവണയായി ഈ പുരസ്കാരം ബിജുമോനാണ് ലഭിക്കുന്നത്. ക്ഷീരമേഖലയില്‍ 15ല്‍പരം പുരസ്കാരങ്ങള്‍ ബിജുവിനു ലഭിച്ചിട്ടുണ്ട്. കുറവിലങ്ങാട് കോഴായില്‍ വീടിനോടു ചേര്‍ന്നു ഡയറി ഫാം നടത്തുന്ന ബിജുമോനു ജഴ്സി, എച്ച്എഫ് വിഭാഗത്തിപ്പെട്ട 110ല്‍പ്പരം പശുക്കളും നിരവധി കിടാരികളുമുണ്ട്. പാല് സൊസൈറ്റിയിലും പ്രദേശത്തെ വീടുകളിലുമായി ദിവസവും ലിറ്ററുകണക്കിനു പാലാണ് ബിജുവിന്റെ തൊഴുത്തില്നിന്നുമെത്തുന്നത്.
പശുക്കള്‍ക്കു തീറ്റയായി പച്ചപ്പുല്ല്, സൂപ്പര്‍ നെപ്പിയര് (പോത), കൈതക്കച്ചി, കാലിത്തീറ്റ എന്നിവയാണ് നല്‍കുന്നത്. പാലിനു പുറമെ നെയ്യും ചാണകപ്പൊടിയും ബിജുമോന് വരുമാനമാര്ഗമാക്കിയിട്ടുണ്ട്. അലീന (നഴ്സിംഗ് വിദ്യാര്‍ഥിനി), സ്റ്റീവ് (പ്ലസ് ടു വിദ്യാര്‍ഥി) എന്നിവരാണ് ബിജു-ഷൈനി ദമ്പതികളുടെ മക്കള്‍.