കുറവിലങ്ങാട് ദേശത്തിരുനാൾ: നാട്ടിലെ കഴുന്നുകൂട്ടം അറുപതാണ്ടിന്റെ നിറവിലേക്ക്
1507851
Thursday, January 23, 2025 11:54 PM IST
കുറവിലങ്ങാട്: വിശുദ്ധ സെബസ്ത്യോനോസിന്റെ മധ്യസ്ഥത തേടി നാട്ടിൽ തുടക്കമിട്ട കഴുന്നുചിട്ടി അറുപതിന്റെ നിറവിലേക്ക്. നാനാജാതി മതസ്ഥരായവർ ചേർന്ന് ആരംഭിച്ച കഴുന്ന് കൂട്ടായ്മ തലമുറകൾ പിന്നിട്ട് ആറു പതിറ്റാണ്ട് പിന്നിടുന്നതിൽ ദൈവസന്നിധിയിൽ നന്ദി ചൊല്ലുകയാണ് നാടും വിശ്വാസിലോകവും.
കുറവിലങ്ങാട് ഇടവകയിലെ ഇപ്പോഴത്തെ 27-ാം വാർഡ് കേന്ദ്രീകരിച്ചാണ് കഴുന്ന് ചിട്ടിക്ക് തുടക്കമിട്ടത്. 25 കുടുംബങ്ങൾ ചേർന്നായിരുന്നു ആരംഭം. വിശുദ്ധന്റെ മാധ്യസ്ഥ്യം തേടി ക്രൈസ്തവും ഹൈന്ദവരും ഒരുമിച്ച് ചേർന്ന് നടത്തിയ ആത്മീയ മുന്നേറ്റം ഗ്രാമത്തിന് മതമൈത്രിയുടെ കെട്ടുറപ്പും നൽകി.
മൂന്നുനോമ്പ് തിരുനാളിലെ തിങ്കളാഴ്ച നടത്തിയിരുന്ന കഴുന്നെടുക്കലിന്റെ നടത്തിപ്പിനായി ഓരോ കുടുംബങ്ങളും നിശ്ചിത തുകയും നിശ്ചിത അളവ് അരിയും നൽകിയിരുന്നു. വാദ്യമേളങ്ങൾ ചിട്ടിക്കാരുടെ നേതൃത്വത്തിലാണ് ഒരുക്കുന്നത്. ഓരോ വർഷവും കഴുന്ന് എത്തിക്കേണ്ട വീട് നിശ്ചയിക്കുന്നതിനായി നറുക്കിട്ടിരുന്നതിനാൽ കഴുന്ന് ചിട്ടിയെന്ന പേരും കൈവന്നു. ആദ്യവട്ടം പിന്നിട്ടപ്പോൾ കൂടുതൽ പേർ അംഗങ്ങളാകാൻ ആഗ്രഹിച്ചതോടെ രണ്ടു ചിട്ടികളായി കൂട്ടായ്മ വളർന്നു. അടുത്ത കാൽനൂറ്റാണ്ട് പിന്നിട്ടപ്പോൾ രണ്ട് ചിട്ടികളും വട്ടമെത്തി പൂർണതയിലെത്തി.
ഇതിനിടയിൽ ദേശത്തിരുനാളുകൾ വന്നതോടെ എല്ലാ വീടുകളിലും കഴുന്നെടുക്കുന്ന ആരംഭിച്ചു. പൂർണതയിലെത്തിയ രണ്ടു ചിട്ടികളിലെയും കുറച്ച് കുടുംബങ്ങൾ ചേർന്ന് പുതിയൊരു ചിട്ടി കൂടി ആരംഭിച്ച് കൂട്ടായ്മയും വിശുദ്ധ സെബസ്ത്യോനോസിന്റെ പ്രത്യേക മധ്യസ്ഥതയും തേടിപ്പോരുന്നു. പുതിയ ചിട്ടി പത്താംവർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ ആത്മീയതയുടെയും ഭക്താഭ്യാസത്തിന്റെയും പേരിലുയർന്ന കൂട്ടായ്മ അറുപതാണ്ടിന്റെ പ്രൗഢിയിലും ആവേശത്തിലുമാണ്.
വാദ്യമേളങ്ങളും കൊടിതോരണങ്ങളും മുത്തുക്കുടകളുമൊരുക്കി പ്രദക്ഷിണമായി പുണ്യാളനെ എഴുന്നള്ളിക്കാൻ മുതിർന്നവും കുട്ടികളും യുവതയും മത്സരിക്കുകയാണ്.
കുരുന്നുകളും കൗമാരക്കാരും യുവതയും ഇന്ന് പുണ്യാളന്റെ അരികിലേക്ക്
കുറവിലങ്ങാട്: ദേശത്തിരുനാളുകൾക്ക് സമാപനമാകുന്ന ഇന്ന് ആയിരക്കണക്കായ വിദ്യാർഥികൾ പുണ്യാളന്റെ തിരുസന്നിധിയിലേക്ക് എത്തും. വിളിച്ചുവിളികേട്ട വിശുദ്ധ സെബസത്യാനോസിന്റെ അരികിലെത്തി പ്രാർഥനകളും യാചനകളും നടത്തുന്ന വിദ്യാർഥിക്കൂട്ടം ഇന്ന് സഹപാഠികൾക്കും അധ്യാപകർക്കുമൊപ്പമാകും വെചറിയ പള്ളിയലേക്ക് എത്തുന്നത്. ഇടവകയുടെ മാനേജ്മെന്റിലുള്ള അഞ്ച് സ്കൂളുകളിലെയും ഒരു കോളജിലെയും വിദ്യാർഥികൾക്ക് ഇന്ന് ദേശത്തിരുനാളിന്റെ ഭാഗമാകാനുള്ള അവസരം ലഭിക്കുന്നു.
കുറവിലങ്ങാട്
പള്ളിയിൽ ഇന്ന്
വിശുദ്ധ കുർബാന - 5.30, 6.30. ലദീഞ്ഞ് (ചെറിയ പള്ളിയിൽ) - ഫാ. മാത്യു കവളമ്മാക്കൽ - 7.20, വിശുദ്ധ കുർബാന - 7.30, വിശുദ്ധ കുർബാന - 10.00, ലദീഞ്ഞ് - 7.15, വിശുദ്ധ കുർബാന (വലിയ പള്ളിയിൽ) - 7.30.
നാളെ
പത്താംതീയതി തിരുനാൾ
വിശുദ്ധ കുർബാന - 5.30, 6.30, 8.40. തിരുസ്വരൂപ പ്രതിഷ്ഠ - 8.30, റംശാ - 4.30, തിരുനാൾ റാസ - 5.00, ലദീഞ്ഞ്, പ്രദക്ഷിണം - 7.15.