ലുമിനാരിയായില്‍ ഇന്റര്‍ കൊളീജിയറ്റ് ഫാഷന്‍ ഷോ മത്സരം
1507854
Thursday, January 23, 2025 11:54 PM IST
പാലാ: ദക്ഷിണേന്ത്യയിലെ വിവിധ കലാലയങ്ങളില്‍ നിന്നുള്ള അറുപതോളം മത്സരാര്‍ഥികള്‍ പങ്കെടുക്കുന്ന സീസണ് ഷീക് ഫാഷന്‍ ഷോ മത്സരം ഇന്നു വൈകുന്നേരം 6.30ന് പാലാ സെന്റ് തോമസ് കോളജിലെ ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ നടക്കും.
നാല് ഋതുക്കളുടെയും സവിശേഷതകളെ പ്രതിഫലിപ്പിക്കുന്ന തരത്തില്‍ രൂപകല്പന ചെയ്യപ്പെട്ട മനോഹര വേഷങ്ങളിലാണ് മത്സരാര്‍ഥികള്‍ റാമ്പിലെത്തുന്നത്. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 75,000, 40,000, 25,000 രൂപയാണ് സമ്മാനത്തുക. കോളജിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ചാണ് ഫാഷന്‍ ഷോ സംഘടിപ്പിക്കുന്നത്.
സെമിനാര്‍ നടത്തി
പാലാ: പോസ്റ്റ് മോഡേണ്‍ ഇന്ത്യന്‍ ഇംഗ്ലീഷ് കവിത എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ പാലാ സെന്റ് തോമസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിബി ജയിംസ് ഉദ്ഘാടനം ചെയ്തു. പാലാ അല്‍ഫോന്‍സ കോളജ് വിദ്യാര്‍ഥിനിയും ഇന്ത്യന്‍-ഇംഗ്ലീഷ് കവയിത്രിയുമായ നെമറ്റ് ആന്‍ അങ്ങാടിയത്തിന്റെ
കവിതാസമാഹാരത്തെ യുവ കഥാകാരി ആര്യ അരവിന്ദ് ലുമിനാരിയ അക്ഷരോത്സവ വേദിയില്‍ പരിചയപ്പെടുത്തി. കഥയുടെയും കവിതയുടെയും പുതുവഴിയിലൂടെ സഞ്ചരിച്ച് ശ്രദ്ധേയരായ രണ്ട് യുവ എഴുത്തുകാരുമായി അക്ഷരോത്സവ വേദിയില്‍ സംവദിക്കാന്‍ കഴിഞ്ഞത് വിദ്യാര്‍ഥികള്‍ക്ക് പുത്തന്‍ അനുഭവമായി. കോളജ് വൈസ് പ്രിന്‍സിപ്പല്‍ റവ.ഡോ. സാല്‍വിന്‍ തോമസ് കാപ്പിലിപ്പറമ്പില്‍, തൃക്കാക്കര ഭാരതമാതാ കോളജ് മലയാള വിഭാഗം മേധാവി റവ. ഡോ. അനീഷ് പോള്‍, അക്ഷരോത്സവം കണ്‍വീനര്‍ ഡോ. തോമസ് സ്കറിയ, ഡോ. അഞ്ജു ലിസ് കുര്യന് എന്നിവര്‍ പ്രസംഗിച്ചു.
ഐവനോവിന്റെ കലാസൃഷ്ടി "ആത്മസൃഷ്ടി' എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം ഡോ. സിബി ജയിംസ്, റവ. ഡോ. അനീഷ് പോളിനു നല്കി നിര്‍വഹിച്ചു.
ലുമിനാരിയായ്ക്ക്
നിറക്കൂട്ടൊരുക്കി ചിത്രകാരന്മാര്
പാലാ: ചിത്രകലയില്‍ പ്രാവീണ്യമുള്ളവര്‍ക്കും തുടക്കക്കാര്‍ക്കും സര്‍ഗാത്മകതയുടെ സന്തോഷം പകരുകയാണ് ചിത്രകാരന്മാരായ ഫാ. റോയി എം. തോട്ടത്തില്‍ എസ്ജെയും എം.ഡി. സജിയും. പ്രകൃതിസൗന്ദര്യത്തിന്റെയും ആത്മീയദര്ശനങ്ങളുടെയും സത്ത പ്രതിഫലിപ്പിക്കുന്ന വൈവിധ്യപൂര്‍ണമായ ചിത്രങ്ങളാണ് കൊമേഴ്സ് വിഭാഗത്തിനു സമീപമുള്ള ഹാളില്‍ സന്ദര്‍ശകര്‍ക്കായി ഒരുക്കിയിരിക്കുന്നത്. കെ.എം. ജോര്‍ജ്, എബി ഇടശേരി, സുനില്‍ ജോസ്, സന്ദ്ര സോണിയ, സിസ്റ്റര്‍ മറിയക്കുട്ടി മുല്ലപ്പള്ളി എന്നീ ആര്‍ട്ടിസ്റ്റുകളും കോളജിലെത്തി ചിത്രരചനയില്‍ പങ്കുചേര്‍ന്നു.